പ്രഭയില്ലാതെ സായംപ്രഭ ഹോം
text_fieldsസാമൂഹിക നീതി വകുപ്പിന്റെയും പഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് വയോജനങ്ങൾക്ക് മികച്ച പരിചരണം നൽകുന്ന സായംപ്രഭ ഹോമുകൾ പ്രവർത്തിക്കുന്നത്
കോട്ടയം: കുടുംബങ്ങളിൽ തനിച്ചാകുന്ന വയോജനങ്ങൾക്ക് പകൽ സംരക്ഷണമൊരുക്കുന്ന സായംപ്രഭ ഹോം പദ്ധതിക്കു മടിച്ച് പഞ്ചായത്തുകളും നഗരസഭകളും. സാമൂഹിക നീതി വകുപ്പിന്റെയും പഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് വയോജനങ്ങൾക്ക് മികച്ച പരിചരണം നൽകുന്ന സായംപ്രഭ ഹോമുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ 10 സായംപ്രഭ ഹോമുകൾക്ക് അനുമതിയുണ്ടെങ്കിലും മൂന്നെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. വാഴൂർ, ഏലിക്കുളം, തിരുവാർപ്പ് പഞ്ചായത്തുകളിൽ. പഞ്ചായത്തുകളിൽ നിലവിലുള്ള പകൽവീട് കൂടുതൽ സൗകര്യങ്ങളോടെ ഉയർത്തുന്നതാണ് സായംപ്രഭ ഹോമുകൾ. കെയർ ഗിവർ, കുക്ക് എന്നിവരുടെ സേവനം ഇവിടങ്ങളിൽ ലഭ്യമാകും. കെയർ ഗിവർക്ക് മാസം 14,000 രൂപയാണ് ശമ്പളം. പകുതി തദ്ദേശ സ്ഥാപനവും പകുതി സാമൂഹിക നീതി വകുപ്പും വഹിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന വയോജന പരിപാലന കേന്ദ്രങ്ങളെ നിലവിലുള്ളവയ്ക്കു പുറമേ കെയര്‍ ഗിവര്‍മാരുടെ സേവനം, പോഷകാഹാരം, യോഗ, മെഡിറ്റേഷന്‍, കൗണ്‍സലിങ്, നിയമ സഹായങ്ങള്‍, വിനോദോപാധികള്‍ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാണ് സായംപ്രഭ ഹോമുകള്‍ ആക്കുന്നത്. ബന്ധപ്പെട്ട പഞ്ചായത്തിലെയും നഗരസഭയിലെയും 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.
കുറഞ്ഞത് 20 ഗുണഭോക്താക്കള്ക്കെങ്കിലും ഒരു സായംപ്രഭ ഹോമിലുടെ സേവനം നല്‍കാം. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന അപേക്ഷ പരിഗണിച്ചാണ് പകൽവീടുകളെ സായംപ്രഭ ഹോമുകളാക്കി ഉയർത്തുക. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ താൽപര്യം കാണിക്കാത്തതിനാൽ മുതിർന്ന പൗരർക്ക് വേണ്ടിയുള്ള ഫണ്ട് പലയിടത്തും പാഴായി പോവുകയാണ്. 2017 ൽ ആരംഭിച്ചതാണ് പദ്ധതി. ഇത്തവണ ഒരോ ജില്ലയിലും 10 സായംപ്രഭ ഹോമുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനമുണ്ടായിരുന്നു. അതാണ് ഇനിയും യാഥാർഥ്യമാകാത്തത്.
സായംപ്രഭയിലെ സേവനങ്ങൾ
- 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ പകല്‍ ഒത്തുകൂടാൻ സൗകര്യം
- പോഷകാഹാരക്കുറവുള്ള വൃദ്ധജനങ്ങള്‍ക്ക് രണ്ടു നേരമെങ്കിലും പഞ്ചായത്തുകളുടെ സഹായത്തോടെ ഭക്ഷണം
- വയോജനങ്ങള്‍ക്ക് മാനസിക -ശാരീരിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍
- വയോപരിപാലന നിയമങ്ങളും, മാനസികവും ശാരീരികവും ആരോഗ്യകരവുമായ വിഷയങ്ങളും സംബന്ധിച്ച് ആഴ്ചയില്‍ ഒരു ദിവസം നിയമ വിദഗ്ധര്‍, പൊലീസ് ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍മാര്‍ എന്നിവര്‍ മുഖേന ക്ലാസുകള്‍
- ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മാനസിക- ശാരീരിക ഉല്ലാസത്തിന് ഉതകുന്ന ക്ലാസുകള്‍
- കൃത്യമായ കാലയളവുകളില്‍ ശാരീരിക പരിരക്ഷക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന


