സംരംഭകരാകാനൊരുങ്ങി പട്ടിക വർഗ വനിതകൾ
text_fieldsതൊടുപുഴ: ഉപജീവന വികസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സംരംഭകരാകാനൊരുങ്ങി തദ്ദേശീയ വനിതകൾ. പട്ടിക വർഗ വിഭാഗക്കാരായ 201 വനിതകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സംരംഭങ്ങൾ തുടങ്ങാനൊരുങ്ങുന്നത്. ഇവരിൽ 11 പേർ വിവിധ തരത്തിലുളള സംരംഭങ്ങൾ ആരംഭിച്ച് കഴിഞ്ഞു. കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻറ് ഇന്നവേഷൻ സെന്റർ(കെ-ടിക്) വഴിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. തദ്ദേശീയരായ പട്ടിക വർഗമേഖലകളിലെ യുവതീയുവാക്കൾക്ക് ഉപജീവന മാർഗം സാധ്യമാക്കുന്നതിനൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്കാവശ്യമായ പരിശീലനം,സാമ്പത്തിക സഹായം, വിദഗ്ധരുടെ പരിശീലനം അടക്കം കാര്യങ്ങളെല്ലാം സർക്കാർ തലത്തിൽ ഉറപ്പാക്കുന്നുണ്ട്.സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവ നിലനിർത്തുന്നതിനുളള വിദഗ്ധ പരിശീലനം അടക്കമുളള പിന്തുണ ഉറപ്പാക്കി യുവതി യുവാക്കളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയെന്നാണ് പദ്ധതിയുടെ അടിസ്ഥാനം.
പദ്ധതിക്ക് കീഴിൽ സംരംഭകത്വ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട 201 വനിതകളും മൂന്നുവട്ടം പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു.ഇതോടൊപ്പം സൂക്ഷ്മ സംരംഭങ്ങളുടെ പ്രവർത്തനം മനസിലാക്കാൻ വേണ്ടി തങ്ങളുടെ സ്വന്തം ജില്ലയിലും സമീപജില്ലകളിലുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടേയും ഇതര സംരംഭങ്ങളുടേയും ഫീൽഡ് തല സന്ദർശനവും സംഘടിപ്പിക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിക്കാനായി ഏറ്റവും കൂടുതൽ തദ്ദേശീയ വനിതകൾ പരിശീലനം പൂർത്തിയാക്കിയത് തലസ്ഥാനത്താണ്. ഇവിടെ 31 വനിതകളാണ് പരിശീലനം നേടിയത്. 22 വനിതകളുമായി പാലക്കാടിനാണ് രണ്ടാം സ്ഥാനം. കൊല്ലം-20, പത്തനംതിട്ട-13,കോട്ടയം-18,ആലപ്പുഴ-14, ഇടുക്കി-12,എറണാകുളം-16,തൃശൂർ-07,വയനാട്-08, മലപ്പുറം-12,കോഴിക്കോട്-12, കണ്ണൂർ-14, കാസർഗോഡ്-04 എന്നിങ്ങനെയാണ് കെ-ടിക് പദ്ധതിയിൽ പരിശീലനം നേടിയ സംസ്ഥാനത്തെ തദ്ദേശീയ വനിതകളുടെ എണ്ണം.


