കലക്ടറേറ്റിലും സമാന സ്ഥിതി ജില്ലകോടതി വളപ്പ് ‘കീഴടക്കി’ തെരുവുനായ്ക്കൂട്ടം
text_fieldsജില്ല കോടതി വരാന്തയിൽ അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കൾ
കോട്ടയം: നീതിക്കായുള്ള സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതി വളപ്പ് ‘കീഴടക്കി’ തെരുവുനായ്ക്കൂട്ടം. ജില്ലകോടതി വളപ്പിലേക്ക് ഇപ്പോൾ ആളുകൾക്ക് ഭയമില്ലാതെ കയറിച്ചെല്ലാനാകാത്ത അവസ്ഥയാണ്. എപ്പോൾ വേണമെങ്കിലും നായുടെ കടിയേൽക്കാവുന്ന സ്ഥിതിയാണ്. കോടതി പരിസരത്ത് മാത്രമല്ല, തിണ്ണയിലുൾപ്പെടെ നായ്ക്കളുടെ സാന്നിധ്യം കാണാനാകും. കോടതി നടപടികൾ പുരോഗമിക്കുമ്പോൾ അതിന് തടസ്സമായും നായ്ക്കളുടെ ബഹളം മാറുന്നുണ്ട്. ജില്ല ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ തന്നെയാണ് നായ്ക്കളുടെ വിളയാട്ടമെന്നതും ശ്രദ്ധേയം.
നഗരത്തിൽ അടുത്തിടെ നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. നായ്ക്കളുടെ പ്രധാന വിഹാരകേന്ദ്രമായി ജില്ലകോടതി, കലക്ടറേറ്റ് പരിസരങ്ങൾ മാറിയെന്നതാണ് സത്യം. കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ കോടതി വ്യവഹാരങ്ങൾക്ക് എത്തുന്നവർക്കുനേരെ കുരച്ചുചാടുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണെന്ന് ആളുകൾ പരാതിപ്പെടുന്നു. വൈകീട്ടായാൽ നായ്ക്കൾ തമ്പടിക്കുന്നതും കോടതി വരാന്തയിലാണ്. കോടതി വരാന്തയിലേക്കുൾപ്പെടെയുള്ള ഗ്രില്ലുകളും വാതിലുകളും പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഈ വിടവിലൂടെയാണ് നായ്ക്കൾ കോടതിക്കുള്ളിലേക്ക് പ്രവേശിക്കുന്നത്. പിന്നെ കോടതിക്കുള്ളിലും ഇവയുടെ പരാക്രമമാണ്. ജീവനക്കാർ രാവിലെ ഏറെ പ്രയാസപ്പെട്ടാണ് കോടതി വരാന്തകൾ വൃത്തിയാക്കുന്നത്.
കലക്ടറേറ്റിന്റെ സമീപത്തായാണ് ജില്ല കോടതി പരിസരവും. തെരുവുനായ് ശല്യത്തിന് തടയിടാൻ ജില്ല ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്നതിന് തെളിവായി കോടതി വളപ്പിലെ നായ്ക്കൂട്ടം മാറുകയാണ്. കലക്ടറേറ്റിലും സമാനമായ സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ ഇവിടവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുകയാണ്. കോടതിയിലും കലക്ടറേറ്റിലും തമ്പടിക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.


