റവന്യൂ വകുപ്പ് ആധുനീകരണം; പകുതി വില്ലേജ് ഓഫിസുകൾ സ്മാർട്ട്
text_fieldsകോട്ടയം: ജില്ലയിലെ പകുതി വില്ലേജ് ഓഫിസുകൾ സ്മാർട്ടായി. റവന്യൂ വകുപ്പിലെ ആധുനീകരണ ഭാഗമായി ജില്ലയിലെ 100 വില്ലേജ് ഓഫിസുകളിൽ 47 എണ്ണമാണ് ഉടൻ സ്മാർട്ടാകുന്നത്. 27 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. 26 ഉം ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തനം തുടങ്ങി.
മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫിസ് ആഗസ്റ്റ് ഒന്നിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സ്മാർട്ട് വില്ലേജ് ഓഫിസാക്കാൻ ഭരണാനുമതി ലഭിച്ച 47 ൽ 20 എണ്ണമാണ് പൂർത്തിയാകാനുള്ളത്. 44 ലക്ഷം രൂപ ചെലവിട്ടാണ് മുട്ടമ്പലം വില്ലേജ് ഓഫിസ് സ്മാർട്ടാക്കിയത്. 1420 ചതുരശ്രയടിയിലാണ് നിർമാണം. ഓഫിസറുടെ മുറി, ഓഫിസ്, റെക്കോഡ് മുറി, ഡൈനിങ് മുറി, ജീവനക്കാർക്കും പൊതുജനങ്ങൾക്കും അംഗപരിമിതർക്കുമുള്ള ശുചിമുറി എന്നിവ രണ്ടു നിലകളായുള്ള കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ജില്ല നിർമിതി കേന്ദ്രത്തിനാണു നിർമാണച്ചുമതല.
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 29 എണ്ണം (രണ്ടു നവീകരണം.), റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി 15, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒന്ന്, ടൂറിസം മന്ത്രാലയത്തിന്റെ എസ്.എ.എസ്.സി.ഐ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് വില്ലേജ് ഓഫിസുമാണ് സ്മാർട്ടാക്കുന്നത്. ഒരു വില്ലേജ് ഓഫിസിന് 44 ലക്ഷം രൂപ എന്ന നിലയിലാണ് ഭരണാനുമതി. പെരുമ്പായിക്കാട്, വെച്ചൂർ, ചെത്തിപ്പുഴ, ആനിക്കാട്, ളാലം, ഇളംകാട്, വെളിയന്നൂർ, തോട്ടയ്ക്കാട്, മാടപ്പള്ളി, എലിക്കുളം, കൂവപ്പള്ളി, മണിമല, കുലശേഖരമംഗലം, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മുണ്ടക്കയം, നെടുംകുന്നം, വടക്കേമുറി, വാഴൂർ, കോരുത്തോട്, തലയാഴം, എരുമേലി വടക്ക്, പേരൂർ, ചെമ്പ്, കൂരോപ്പട, കുറിച്ചി എന്നി വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കി നാടിനു സമർപ്പിച്ചു.
എരുമേലി സൗത്ത്, തലപ്പലം ഓഫിസുകളുടെ നിർമാണം നടക്കുകയാണ്. അയർക്കുന്നം, ഓണംതുരുത്ത്, കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ നിർമാണത്തിന് മന്ത്രി കെ. രാജൻ ജൂണിൽ തുടക്കം കുറിച്ചിരുന്നു. കങ്ങഴ, അയർക്കുന്നം, ഓണംതുരുത്ത്, പാമ്പാടി, രാമപുരം, ഉദയനാപുരം, കൈപ്പുഴ, മീനച്ചിൽ, വെള്ളാവൂർ, പനച്ചിക്കാട്, തൃക്കൊടിത്താനം, തീക്കോയി, കുറിച്ചിത്താനം, ചെങ്ങളം ഈസ്റ്റ്, ഈരാറ്റുപേട്ട വില്ലേജ് ഓഫിസുകളുടെ നിർമാണമാണ് ആരംഭിക്കാനുള്ളത്.
എന്താണ് സ്മാർട്ട് വില്ലേജ് ഓഫിസ്
ഓഫിസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് സ്മാർട്ട് വില്ലേജ് ഓഫിസ്. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
സാധാരണ വില്ലേജ് ഓഫിസുകളിൽനിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമെ ഫ്രണ്ട് ഓഫിസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്ലറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്ലറ്റ് എന്നിവ ഉറപ്പാക്കും.