നടപ്പാത കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കാൻ നടപടി
text_fieldsജില്ല വികസന സമിതി യോഗത്തിൽ ഗവ. ചീഫ്. വിപ്പ് ഡോ. എൻ. ജയരാജ് സംസാരിക്കുന്നു
കോട്ടയം: റോഡരികിലെ നടപ്പാത കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കാൻ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പൊലീസിനും നിർദേശം നൽകി.
വഴിയരികിൽ താൽക്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി വിഷയം അവതരിപ്പിച്ച ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പരിശോധന നടത്തി ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന നിർമാണ സാമഗ്രികൾ, വൈദ്യുത പോസ്റ്റുകൾ തുടങ്ങിയവ വഴിയരികിൽ ഇടുന്നതിനെതിരെയും നടപടി വേണമെന്ന് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു.
ചെറുവള്ളി ക്ഷേത്രത്തിന്റെ ആറാട്ടുകടവിനടുത്തുള്ള സ്ഥലം സ്വകാര്യ വ്യക്തിയിൽനിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ അന്വേഷണം നടത്തി നടപടി റിപ്പോർട്ട് ചെയ്യുന്നതിന് കാഞ്ഞിരപ്പള്ളി ഭൂരേഖ തഹസിൽദാരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) അറിയിച്ചു. പൊന്തൻപുഴ-മുക്കട റോഡിൽ പൊന്തൻപുഴയിൽനിന്ന് എരുമേലിക്കു തിരിയുന്ന ഭാഗത്ത് സൈൻ ബോർഡുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ചങ്ങനാശ്ശേരി നഗരസഭയിൽ നിലാവ് പദ്ധതിയുമായി ബന്ധപ്പെട്ട വഴിവിളക്കുകളിൽ പ്രകാശിക്കാത്തവ കെ.എസ്.ഇ.ബിയിൽനിന്ന് അറ്റകുറ്റപ്പണി നടത്തി ലഭിച്ചിട്ടുണ്ടെന്നും സ്ഥാപിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും ജോബ് മൈക്കിൾ എം.എൽ.എ ഉന്നയിച്ച വിഷയത്തിന് മറുപടിയായി നഗരസഭ സെക്രട്ടറി അറിയിച്ചു. മാമ്മൂട്-വെങ്കോട്ട റോഡ് നിർമാണത്തിന്റെ കരാർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരന് സൈറ്റ് കൈമാറിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ജില്ല ആസൂത്രണസമിതി ഹാളിൽ നടന്ന യോഗത്തിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. കോട്ടയം നഗരസഭ ചെയർമാൻ എം.പി. സന്തോഷ്കുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ പി.എ. അമാനത്ത് തുടങ്ങിയവർ പങ്കെടുത്തു.


