കാർ ഷോറൂം ജീവനക്കാരി പണം തട്ടിയതായി പരാതി
text_fieldsപ്രതീകാത്മക ചിത്രം
തലയോലപ്പറമ്പ്: പുതിയ കാർ വാങ്ങാൻ ഷോറൂമിൽ നൽകിയ 13 ലക്ഷത്തോളം അഡ്വാൻസ് തുക ജീവനക്കാരി വെട്ടിച്ചതായി പരാതി. നൽകിയ പണവും പുതിയ വാഹനവും ലഭിക്കാതെ വന്നതോടെ ഇൻഡസ് മോട്ടോഴ്സിന് മുന്നിൽ അഡ്വാൻസ് നൽകിയ വാഹന ഉടമകൾ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
തലയോലപ്പറമ്പ് പൊലീസ് എത്തിയാണ് ബഹളം പരിഹരിച്ചത്. പൊതി ചെറുപള്ളിയിൽ സിജോ ജേക്കബ് ഷോറൂമിലെത്തി സെയിൽസ് വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദയനാപുരം സ്വദേശിനിയായ ജീവനക്കാരി അഞ്ചുലക്ഷം രൂപ വാങ്ങുകയും കമ്പ്യൂട്ടർ സിസ്റ്റം തകരാറിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെള്ളപേപ്പറിൽ സ്ഥാപനത്തിന്റെ മുദ്രവെച്ച് ഒപ്പിട്ട് നൽകുകയുമായിരുന്നു. പിന്നീട് സിജോ ബില്ലിന്റെ ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് സിജോയും ബന്ധുക്കളും ഷോറൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഇതിനിടെയാണ് ജൂൺ 24ന് അഞ്ചുലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം കമ്പനിയിലേക്ക് അടക്കാതെയും കാർ ഡെലിവറി ചെയ്യാതെയും ഇതേ ജീവനക്കാരി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് കടുത്തുരുത്തി പടപ്പുരയ്ക്കൽ ബെന്നി ഫിലിപ്പും ഭാര്യയും ഷോറൂമിലെത്തി പ്രതിഷേധിച്ചത്. ഉദയനാപുരം സ്വദേശിനി നെസീമ, വിപിൻ എന്നിവരിൽനിന്നും ഒന്നരലക്ഷം രൂപ വീതം ജീവനക്കാരി ഇത്തരത്തിൽ തട്ടിയതായി ബന്ധപ്പെട്ട് അവരും ഷോറൂമിൽ എത്തിയിരുന്നു.
തുടർന്ന് അഡ്വാൻസ് നൽകിയവരും ഷോറൂമിലെ ജീവനക്കാരും തമ്മിൽ വാക്തർക്കം രൂക്ഷമായതോടെ തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ജീവനക്കാരി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നും സ്ഥാപനത്തിന്റെ ചുമതലക്കാർ അറിയിച്ചു.