ബിന്ദു മടങ്ങി; സ്വപ്നങ്ങൾ ബാക്കിയാക്കി
text_fieldsബിന്ദുവിന്റെ അന്ത്യകർമങ്ങൾ നടത്തുന്ന മകൻ നവനീത്
തലയോലപ്പറമ്പ്: ഒരായുസ്സിന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാനാകാതെ പൊന്നുമക്കളുടെ കണ്ണീരിനെ സാക്ഷിയാക്കിയാണ് ബിന്ദു യാത്രയായത്. അധികാരികളുടെ കുറ്റകരമായ അനാസ്ഥ മൂലം ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂറോളം ശ്വാസംകിട്ടാതെ കിടന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു തന്റെ മക്കളിലൂടെ ഏറെ സ്വപ്നങ്ങൾ കണ്ടിരുന്നു.
സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. മക്കളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാകാതെ ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും വിതുമ്പല്‍ ഉള്ളിലൊതുക്കി. ആശ്വസിപ്പിക്കാന്‍ എത്തിയവരോട് കുടുംബത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങള്‍ പറയുമ്പോള്‍ വിശ്രുതന്‍ വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.
വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം സഹോദരിയുടെ വീട്ടിലേക്ക് എത്തിച്ചു. അവധിയെടുക്കാതെ ഞായറാഴ്ചകളിൽപോലും ബിന്ദു ജോലിക്ക് പോയിരുന്നു. കഷ്ടപ്പെട്ടായാലും മകൻ നവനീതിനെ സിവിൽ എൻജിനീയറിങ്ങിനും മകൾ നവമിയെ നഴ്സിങ്ങിനും അയച്ചു.
മകന് എറണാകുളത്ത് ജോലി കിട്ടിയപ്പോൾ കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. മകന്റെ ആദ്യ ശമ്പളം അവർക്കൊരു സ്വപ്നമായിരുന്നു. അത് കൈയിൽ വാങ്ങാനാകാതെയാണ് ബിന്ദുവിന്റെ മടക്കം. മകൾ നവമി ആന്ധ്രപ്രദേശിലെ അപ്പോളോ നഴ്സിങ് കോളജിൽ അവസാനവർഷ വിദ്യാർഥിനിയാണ്. മകളുടെ പഠനത്തിനായെടുത്ത വായ്പ ഇനിയും അടച്ചുതീർന്നിട്ടില്ല.
കുടുംബസ്വത്തായി ലഭിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേൽപോത്തുകുന്നേലിലെ അഞ്ചുസെന്റ് സ്ഥലത്തെ നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലിചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോന്നിരുന്നത്.
ബുദ്ധിമുട്ടുകളൊന്നും മക്കളെ അറിയിക്കാതെയാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും കൈകാര്യം ചെയ്തുവന്നതും. എന്നാൽ, മകൾ നവമിക്ക് ന്യൂറോ പ്രശ്നങ്ങളുണ്ടായത് കുടുംബത്തിന്റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി. അതിന് പരിഹാരം കാണാനായാണ് 20കാരിയായ മകളുമൊത്ത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയത്.