വസ്ത്രശാലയിലെ ജീവനക്കാരി; കുടുംബത്തിന്റെ കൈത്താങ്ങ്...
text_fieldsതലയോലപ്പറമ്പ്: ശരീരത്തെ രോഗം അലട്ടുമ്പോഴും മക്കളുടെ വിദ്യാഭ്യാസത്തിലും കുടുംബക്കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാത്ത മനസ്സായിരുന്നു ബിന്ദുവിന്റേത്. തലയോലപ്പറമ്പ് മാർക്കറ്റിലെ വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു ബിന്ദു.
തുച്ഛമായ ദിവസക്കൂലിയിൽനിന്ന് മിച്ചംപിടിച്ച് മക്കൾക്കും ഭർത്താവിനും അമ്മക്കും താങ്ങായവൾ, അയൽവാസികളുടെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മനസ്സിലെ സൗമ്യമുഖം, പഠനകാലത്ത് പത്താംക്ലാസിൽ ഉയർന്ന മാർക്ക് നേടിയ സമർഥയായിരുന്ന വിദ്യാർഥി... ഇങ്ങനെ നീളുന്നു ബിന്ദുവിനെക്കുറിച്ചുള്ള നാട്ടുകാരുടെ ഓർമകൾ.
തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ ബി.കോം ബിരുദപഠനം. ശേഷം ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് കൊല്ലം സ്വദേശിയായ വിശ്രുതനുമായി വിവാഹം നടന്നത്. രണ്ടുവർഷം കൊല്ലത്ത് താമസക്കാരിയായിരുന്ന ബിന്ദു തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
നിത്യചെലവിനായി ആദ്യം പലചരക്ക് കടയിൽ ജോലിക്ക് കയറി. ശ്വാസംമുട്ടൽ സംബന്ധമായ രോഗങ്ങളെത്തുടർന്ന് ആ ജോലി ഉപേക്ഷിച്ച് വസ്ത്രശാലയിൽ ജോലിക്ക് കയറുകയായിരുന്നു. വീട്ടിൽനിന്ന് രണ്ട് കിലോമീറ്ററോളം നടക്കണം, കടയിലേക്ക്. കാലുവേദന അസഹ്യമായതിനെത്തുടർന്ന് ഒരുനേരം ഓട്ടോയിലായിരുന്നു യാത്ര. ഭർത്താവ് വിശ്രുതന് മേസ്തിരിപ്പണിയാണ്. പണി തീരെ കുറവായതിനാൽ കഷ്ടപ്പാടിലായിരുന്നു ബിന്ദുവിന്റെ കുടുംബം.
2002ൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച വീട്ടിലാണ് ബിന്ദുവും കുടുംബവും താമസിച്ചിരുന്നത്. പണിതീരാത്ത വീട് പൂർണതയിലെത്തിക്കാനുള്ള ശ്രമവും ബിന്ദു നടത്തിയിരുന്നു. പഠനത്തിൽ മുൻപന്തിയിലായ മക്കളെ ബാങ്കിൽനിന്ന് വായ്പയെടുത്താണ് പഠിപ്പിച്ചിരുന്നത്. അമ്മയുടെ വേർപാടിൽ തളർന്ന മക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന ആശങ്കയിലാണ് നാടും നാട്ടുകാരും.