നാടിളക്കി പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്
text_fieldsകോട്ടയം: ഒരുമാസത്തോളമായ നാടിളക്കിയുള്ള പ്രചാരണത്തിന് ഞായറാഴ്ച കൊട്ടിക്കലാശത്തോടെ സമാപനമാകും. തിങ്കളാഴ്ച വീടുകൾ കയറിയുള്ള വോട്ട് ഉറപ്പിക്കലിലാകും മുന്നണികളും സ്ഥാനാർഥികളും.
ജില്ലയിലെ 23 ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്കും ആറ് മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക്, 71 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയിലെ 89 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 1611 വാർഡുകളിലായി 5281 പേരാണ് ജനവധി തേടുന്നത്.
സീറ്റ് വിഭജനം, സ്ഥാനാർഥി നിർണയം എന്നിവ നേരത്തേ നടത്തി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആദ്യം മേൽക്കൈ നേടിയെങ്കിലും കൃത്യമായ പ്രവർത്തനങ്ങളിലൂടെ യു.ഡി.എഫും ബി.ജെ.പിയും പലയിടങ്ങളിലും ആ വെല്ലുവിളിയെ അതിജീവിച്ചു. പലയിടങ്ങളിലും അട്ടിമറി വിജയം ലക്ഷ്യമാക്കിയാണ് മുന്നണികളുടെ മത്സരം. കേരള കോൺഗ്രസ് പാർട്ടികളുടെ ശക്തിപരീക്ഷിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായി ഇത് മാറി.
പരമാവധി സീറ്റുകൾ മുന്നണികളിൽനിന്നും വാങ്ങി മത്സരിക്കുന്ന ഈ പാർട്ടികൾ കൈവരിക്കുന്ന നേട്ടമാകും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുൾപ്പെടെ ഫലംകാണുക.
പല വിഷയങ്ങളും ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുകയാണ്. വിമതശല്യവും അപരൻമാരും പലയിടങ്ങളിലും മുന്നണികളുടെ വിജയപ്രതീക്ഷയിൽ വിള്ളലേൽപിച്ചിട്ടുണ്ട്. എന്നാലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇടങ്ങളിലെല്ലാം മുന്നണികൾ വലിയ പ്രതീക്ഷയിലാണ്.
ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥികൾ- 83 (സ്ത്രീകൾ- 47, പുരുഷന്മാർ- 36)
ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർഥികൾ- 489 (പുരുഷന്മാർ- 252, സ്ത്രീകൾ- 237)
ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാർഥികൾ- 4032 (പുരുഷന്മാർ- 1850, സ്ത്രീകൾ- 2182)
നഗരസഭകളിലെ സ്ഥാനാർഥികൾ- 677 (പുരുഷന്മാർ- 319, സ്ത്രീകൾ- 358)


