പനിച്ചുവിറച്ച് ജില്ല; ഒരുമാസത്തിനിടെ ചികിത്സ തേടിയത് 8004 പേർ
text_fieldsകോട്ടയം: പനി ബാധിച്ച് ചികിത്സ തേടി നിരവധി പേരാണ് ജില്ലയിലെ വിവിധ ആതുരാലയങ്ങളിലേക്ക് ദൈനംദിനം എത്തുന്നത്. ഈ മാസം ഇതുവരെ 8004 പേർ പനി ബാധിച്ച് ചികിത്സ തേടിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വൈറൽ പനി പടരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഗർഭിണികൾ, കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗമുള്ളവർ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകൾ സോപ്പിട്ട് കൂടെക്കൂടെ കഴുകുക, മാസ്ക് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം മുന്നറിയിപ്പ് നൽകുന്നു. പകർച്ചപ്പനി ബാധിതരായ കുട്ടികളെ സ്കൂളിൽ വിടരുത്. വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.
വില്ലനായി ഡെങ്കി, എലിപ്പനി
വില്ലനായി ഡെങ്കിപ്പനിയും എലിപ്പനിയും ഇൻഫ്ലുവൻസയും വ്യാപകമാകുന്നെന്ന നിലയിലാണ് കാര്യങ്ങൾ. സാധാരണ പനിയാണ് ലക്ഷണം. അതിനാൽ പലരും ആദ്യം ഇത് കാര്യമാക്കാറില്ല. എന്നാൽ, വളരെ ഗൗരവത്തോടെ ഇതിനെ കാണണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഈമാസത്തിൽ ജില്ലയിൽ 10 ഡെങ്കിപ്പനി കേസും 14 എലിപ്പനി കേസും റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ചിലയിടത്ത് ഇൻഫ്ലുവൻസ വിഭാഗത്തിൽപെട്ട വൈറൽ പനിയും കണ്ടുവരുന്നുണ്ട്.
ഈ രോഗങ്ങൾ പിടിപെടാതിരിക്കാൻ വളരെ കരുതലോടെ പ്രവർത്തിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യപ്രവർത്തകർ നൽകുന്നത്. എലിപ്പനി കൂടിവരുന്നതിനാൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. ആറു മുതൽ എട്ട് ആഴ്ചവരെ ആഴ്ചയിലൊരിക്കൽ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക വീതം തുടർച്ചയായി കഴിക്കാം. ഓടകളിലും തോടുകളിലും വയലുകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി ജലജന്യരോഗങ്ങൾ എന്നിവക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
ജില്ലതല ഇന്റർ സെക്ടറൽ യോഗം സംഘടിപ്പിച്ചു
പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനം വിലയിരുത്താൻ ജില്ലതലത്തിൽ ഇന്റർ സെക്ടറൽ മീറ്റിങ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എൻ. പ്രിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. ജെസി ജോയ് സെബാസ്റ്റ്യൻ, ഏകാരോഗ്യം ജില്ല നോഡൽ ഓഫിസർ ഡോ. ലിന്റോ ലാസർ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.