സുവർണകാലം ഓർമകളിലാണ്
text_fieldsകോട്ടയം: സമ്പന്നകാലത്തെ ഓർമകളിലാണ് ജില്ല ആശുപത്രിയിലെ പല വിഭാഗങ്ങളും. പണ്ട് ഉള്ള പരിമിത സംവിധാനങ്ങൾക്കിടയിലും സാധാരണക്കാരന് മികച്ച ചികിത്സയും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിരുന്നു. ഇന്ന് സൗകര്യം ഏറിയപ്പോൾ ആശുപത്രി കിതക്കുകയാണ്, ചുറ്റുവട്ടത്തിലുള്ള സ്വകാര്യ ആശുപത്രികൾക്കൊപ്പം എത്താനാകാതെ.
നൂറിലൊതുക്കും ടോക്കൺ
തിമിര ശസ്ത്രക്രിയക്ക് പേരുകേട്ടതായിരുന്നു ജില്ല ആശുപത്രി. 2022വരെ മാത്രം 30,000ത്തിലേറെ ശസ്ത്രക്രിയകൾ നടത്തി. എന്നാൽ ഇന്ന് നേത്രവിഭാഗത്തിന്റെ അവസ്ഥ അത്യന്തം ശോച്യമാണ്. ദിവസവും നൂറുകണക്കിന് രോഗികൾ വന്നിരുന്ന നേത്രവിഭാഗത്തിൽ ഇപ്പോൾ 100 രോഗികൾക്കേ ചികിത്സയുള്ളൂ. ബുധനാഴ്ചകളിൽ ഒഴികെയാണ് ഒ.പിയുടെ പ്രവർത്തനം.
എന്നാൽ ചൊവ്വ, ശനി ദിവസങ്ങളിൽ അപ്രഖ്യാപിത അവധിയാണ്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് ഒ.പി മുടങ്ങാൻ കാരണം. സാധാരണക്കാരായ രോഗികളാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. രണ്ട് കൺസൾട്ടന്റ് തസ്തികയും ഒരു സീനിയർ കൺസൾട്ടന്റ് തസ്തികയുമാണ് ആശുപത്രിയിലുള്ളത്. സീനിയർ കൺസൾട്ടന്റ് സ്ഥലം മാറിപ്പോയ ശേഷം ഇതുവരെ പകരം ആളെ നിയോഗിച്ചിട്ടില്ല. സീനിയർ കൺസൾട്ടന്റ് തസ്തികയിൽ ആളെക്കിട്ടാത്തതാണ് കാരണം. അഥവാ വന്നാൽതന്നെ ലീവെടുത്തു മടങ്ങും.
യഥാർഥത്തിൽ സീനിയർ കൺസൾട്ടന്റ് പോലെ ഉയർന്ന തസ്തിക ഇവിടെ ആവശ്യമില്ല. കൺസൾട്ടന്റാണ് വേണ്ടത്. അതാകുമ്പോൾ ആവശ്യത്തിന് ഡോക്ടർമാരെ കിട്ടും. എന്നാൽ, തസ്തിക മാറ്റാതെ നിവൃത്തിയില്ല. ഉള്ള ഒരാൾക്ക് ഇതുമൂലം അമിത ജോലി ഭാരവുമാണ്. ഒരു ഡോക്ടർക്ക് നോക്കാനാകാത്ത തരത്തിൽ തിരക്കുള്ളതാണ് ജില്ല ആശുപത്രിയിലെ നേത്രവിഭാഗം. ഇതിനൊപ്പം വി.വി.ഐ.പി ഡ്യൂട്ടിയും മെഡിക്കൽ ക്യാമ്പുകളും കൂടിയായാൽ രോഗികൾക്ക് സ്വകാര്യ ആശുപത്രികൾ തന്നെ ശരണം. ഒഴിവുകൾ നികത്താതെ ഈ വിഭാഗത്തിന്റെ ശനിദശ മാറില്ല.
വെറുതെയൊരു ന്യൂറോ വിഭാഗം
കോടികൾ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങളാണ് ന്യൂറോ സർജറി വിഭാഗത്തിൽ വാങ്ങിയിട്ടിരിക്കുന്നത്. ന്യൂറോ വിഭാഗം തുടങ്ങിയപ്പോൾ താൽക്കാലികമായി ഒരു ഡോക്ടറെ നിയമിച്ചിരുന്നു. അദ്ദേഹം കാസർകോട്ടേക്ക് സ്ഥലം മാറിപ്പോയിട്ട് രണ്ടുവർഷമായി. പകരം പുതിയ തസ്തിക സൃഷ്ടിക്കുകയോ താൽക്കാലികമായി ഡോക്ടറെ നിയമിക്കുകയോ ചെയ്തിട്ടില്ല. ന്യൂറോ സർജൻ ഉണ്ടായിരുന്ന കാലത്ത് മാസം 4000ത്തിലധികം രോഗികൾ എത്തിയിരുന്നു. അവർക്കായി ഇ.ഇ.ജി മെഷീൻ അടക്കം ഒരുക്കുകയും ചെയ്തതാണ്. കോവിഡാനന്തര കാലത്ത് ന്യൂറോ വിഭാഗത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് സ്വകാര്യ ആശുപത്രികൾ തിരിച്ചറിഞ്ഞിട്ടും സർക്കാർ മേഖല ഉറങ്ങുകയാണ്.
ഡോക്ടറില്ലാതെ കാഷ്വൽറ്റി
ജില്ല ആശുപത്രിയിൽ കൂടുതൽ രോഗികളെത്തുന്നത് ഉച്ചക്കുശേഷമാണ്. ഒരു മണിക്ക് ഡോകടർമാരെല്ലാം പോകും. പിന്നീട് വരുന്ന എല്ലാ രോഗികളെയും നോക്കേണ്ടത് കാഷ്വൽറ്റിയിലാണ്. ഉച്ചക്കുശേഷം ഒരു ഡോക്ടർ മാത്രമാണ് കാഷ്വൽറ്റിയിലുണ്ടാവുക. പനി, അടിപിടി, അപകടം തുടങ്ങി പലവിധ കേസുകളാണ് ഒരേസമയം ആശുപത്രിയിലെത്തുക. മിക്ക ദിവസങ്ങളിലും കാഷ്വൽറ്റിയിലും വലിയ തിരക്കാണ്. ഉച്ചക്കുശേഷം രണ്ടാംഷിഫ്റ്റ് വെച്ചാൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും.
ഡയാലിസിസുകാർ വെയ്റ്റിങ് ലിസ്റ്റിലാണ്
പത്ത് യൂനിറ്റ് ഡയാലിസിസ് മെഷീനുകളാണ് ആശുപത്രിയിലുള്ളത്. രണ്ടു യൂനിറ്റ് റിസർവായി വെക്കും. ബാക്കി എട്ടു യൂനിറ്റാണ് പ്രവർത്തിക്കുന്നത്. ഒരേ സമയം 16 പേർക്ക് ഡയാലിസിസ് ചെയ്യാനാകും. എന്നാലപ്പോഴും അമ്പതോളം പേർ വെയ്റ്റിങ് ലിസ്റ്റിലായിരിക്കും. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്യുന്നയാൾക്ക് സ്വകാര്യആശുപത്രിയിൽ ആഴ്ചയിൽ 5000 രൂപ ചെലവാക്കണം. മാസം 20,000 രൂപ. സാധാരണക്കാരനെ സംബന്ധിച്ച് ഇത് ചെറിയ തുകയല്ല. ജീവൻ രക്ഷിക്കാൻ വിറ്റുപെറുക്കി ചികിത്സ നടത്തിയാലും എത്രനാൾ. ആ സാധാരണക്കാരന്റെ അഭയമാണ് സർക്കാർ ആശുപത്രി. 25 യൂനിറ്റെങ്കിലും ഇല്ലാതെ ആശുപത്രിയിലെ ഡയാലിസിസ് ചികിത്സ വെറും തൊലിപ്പുറത്ത് മാത്രമാകും.
തുടരും..........
നാളെ: ജില്ലാശുപത്രിക്ക് നാഥനില്ല


