മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വിപുലീകരിക്കും
text_fieldsആനവണ്ടി
മൂലമറ്റം: കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിന്‍റെ വിപുലീകരണത്തിന് ധാരണ. ഇപ്പോൾ ടാറിങ് പൊളിഞ്ഞ് തകർന്നുകിടക്കുന്ന ബസ് സ്റ്റാൻഡിനുള്ളിൽ ടാറിങ് നടത്തും. ഇതോടൊപ്പം ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ഇരുനില കെട്ടിടം നിർമിക്കാൻ നടപടി എടുക്കുമെന്ന് റോയ് കെ. പൗലോസ് എം.എൽ.എ പറഞ്ഞു. കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് കേന്ദ്രത്തിലെത്തിയതായിരുന്നു അദ്ദേഹം. ബസ് സ്റ്റാൻഡിന്റെ വികസനത്തിന് നേരത്തെ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഇത് ബസ് സ്റ്റാൻഡിൽ ഓഫിസ് കെട്ടിടങ്ങൾ നിർമിക്കുന്നതിനായാണ് തീരുമാനിച്ചിരുന്നത്.
കെ.എസ്.ആ.ർ.ടി.സി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ഇവിടെ ആവശ്യത്തിന് ഓഫിസ് കെട്ടിടങ്ങളുണ്ടെന്നും അതിനാൽ റോഡരികിൽ ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കാൻ ഫണ്ട് മാറ്റാനും ധാരണയായി. ഇരുനിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളും മുകൾ നിലയിൽ സർക്കാർ ഓഫിസുകൾക്കാവശ്യമായ മുറികളും നൽകാനാണ് തീരുമാനം. ഇതോടൊപ്പം ബസ് സ്റ്റാൻഡിൽ ബസ് ബേ നിർമിക്കാനും തീരുമാനമായി. 27 ബസ് സർവിസുകളുണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോൾ 18 സർവിസുകൾ മാത്രമാണുള്ളത്. കൂടുതൽ ബസുകൾ എത്തിക്കാൻ ശ്രമിക്കുമെന്നും എം.എൽ.എ പറഞ്ഞു. അറക്കുളം പഞ്ചായത്ത് ഇവിടെ ഗ്രാമവണ്ടി സർവിസ് നടത്താൻ നടപടി എടുത്തതായി പ്രസിഡന്റ് ഉഷാ ഗോപിനാഥും വൈസ് പ്രസിഡന്റ് ഇമ്മാനുവൽ ചെറുവള്ളാത്തും അറിയിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്റ്റീഫൻ കുളമാവ്, മാത്യു സെബാസ്റ്റ്യൻ, മണിയമ്മ, എം.കെ. പുരുഷോത്തമൻ, എം.ഡി. ദേവദാസ് എന്നിവർ സംസാരിച്ചു.


