എന്റർപ്രണർ ക്രിക്കറ്റ് ലീഗ്; ശരിക്കും കപ്പടിച്ചത് ‘കൂട്ടിക്കൽ’
text_fieldsകോട്ടയം: അടുത്തിടെ കൊച്ചിയിൽ സമാപിച്ച എന്റർപ്രണർ ക്രിക്കറ്റ് ലീഗ് (ഇ.സി.എൽ) രണ്ടാം സീസണിൽ അഭിമാനത്താരങ്ങളായി രണ്ട് കൂട്ടിക്കൽ സ്വദേശികൾ. കിരീടം നേടിയതും റണ്ണേഴ്സ് അപ്പ് ആയതും യഥാക്രമം മലപ്പുറം, കോട്ടയം ടീമുകൾ ആണെങ്കിലും വിജയികളായത് മലയോര ഗ്രാമമായ കൂട്ടിക്കലാണ്. വേനലിൽ വറ്റുന്ന പുല്ലകയാറിന്റെ തീരത്തെ മൺത്തിട്ടയിൽ കളിച്ചുവളർന്നവരായ രണ്ട് കരുത്തരാണ് ഇരുടീമുകളെയും നയിച്ചത്. മലപ്പുറം അൽമിയ സോളാർ വാരിയഴ്സിന്റെ അൽ നിഷാൻ ഷാഹുലും ഐഡ കോട്ടയം ബാറ്റ്ലിയൺസിന്റെ അരുൺ എസ്. ചന്ദ്രനുമാണ് ആ താരകങ്ങൾ.
അൽ നിഷാൻ ഷാഹുൽ, അരുൺ എസ്. ചന്ദ്രൻ
ഫൈനലിൽ കോട്ടയം ഐഡ ടീമിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മലപ്പുറം അൽമിയ ടീം കിരീടം നേടിയത്. ഐഡ ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം 9.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് അൽമിയ ആവേശ ജയം സ്വന്തമാക്കി.
സമാപന ചടങ്ങിൽ നടൻ സിജു വിൽസണിൽനിന്ന് ഇരു ടീമുകളും ട്രോഫികളും കാഷ് പ്രൈസുകളും ഏറ്റുവാങ്ങി. റിട്ട. സി.ഐ. പരേതനായ കെ.പി. ഷാഹുൽ ഹമീദിന്റെയും റിട്ട. അധ്യാപികയും ദേശീയ അവാർഡ് ജേതാവുമായ ഹംസ ബീവിയുടെയും മകനാണ് അൽ നിഷാൻ ഷാഹുൽ. റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ശശി ചന്ദ്രന്റെയും റിട്ട. അധ്യാപിക ബേബിയുടെയും മകനാണ് അരുൺ എസ്. ചന്ദ്രൻ.


