ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിറക്കി; അഴിമതിക്ക് വഴിയാക്കി ഉദ്യോഗസ്ഥർ
text_fieldsകോട്ടയം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള ചെക്ക്പോസ്റ്റുകളിലെ അഴിമതിക്ക് വഴിവെക്കുന്നത് ട്രാൻസ്പോർട്ട് കമീഷണറുടെ വിചിത്ര ഉത്തരവ്!.
ചെക്ക്പോസ്റ്റുകളിലെ അഴിമതി ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും നടപ്പാക്കിയ ഓൺലൈൻ വാഹന ചെക്ക് പോസ്റ്റ് മൊഡ്യൂളുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവാണ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് തുണയായത്. ഓൺലൈൻ സംവിധാനമായ വാഹൻ ചെക്ക് പോസ്റ്റിലൂടെ സ്പെഷൽ, താൽക്കാലിക പെർമിറ്റുകൾ, നികുതി എന്നിവ ഒടുക്കിയാലും പ്രിന്റെടുത്ത് ചെക്ക് പോസ്റ്റുകളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് സീൽ വാങ്ങണമെന്ന നിർദേശമാണ് അഴിമതിക്ക് കാരണമായത്. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഇപ്പോഴും അഴിമതി നടക്കുന്നെന്ന് തെളിയിക്കുന്നതാണ് പാലക്കാട് ഉൾപ്പെടെ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ പണം പിടികൂടിയത്. ഉത്തരവ് മറയാക്കി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് ശീലമാക്കിയെന്ന് വകുപ്പ് വൃത്തങ്ങൾതന്നെ സമ്മതിക്കുന്നു.
2021ലാണ് ഇ-ചെക്ക്പോസ്റ്റ് സംവിധാനം നിലവിൽ വന്നത്. മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് തുടങ്ങി എല്ലാ രേഖകളും ഡിജിറ്റലാക്കുന്നതിനിടെയാണ് വിചിത്ര ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി ചെക്ക്പോസ്റ്റുകളിൽ രേഖകളുടെ സീൽ പതിക്കൽ. എല്ലാം ഓൺലൈനും ഡിജിറ്റലുമാക്കിയെങ്കിലും ചെക്ക്പോസ്റ്റിൽ മാത്രം ഇതൊന്നും പറ്റില്ലെന്ന രീതിയാണുള്ളത്. ട്രാൻസ്പോർട്ട് കമീഷണറുടെ ഈ നിർദേശം പിൻവലിച്ചാൽ മോട്ടോർ വാഹന ചെക്ക്പോസ്റ്റിലെ കൊള്ളയും പണപ്പിരിവും നിൽക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
ടാക്സും പെർമിറ്റും ഓൺലൈനും ഡിജിറ്റലും മതിയെന്ന് തീരുമാനിച്ചാൽ ഒരു വാഹനവും ചെക്പോസ്റ്റിൽ നിർത്തേണ്ട സാഹചര്യം ഉണ്ടാകില്ല. ചെക്ക്പോസ്റ്റുകൾ ഓൺലൈനാക്കിയിട്ടും ഉദ്യോഗസ്ഥർ അവിടങ്ങളിൽ തുടരുന്നത് അഴിമതി നടത്താനാണെന്നും ആക്ഷേപമുണ്ട്.