മൂന്ന് സർക്കാർ സ്കൂളുകൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും
text_fieldsഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ മൂന്ന് സർക്കാർ സ്കൂളുകൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് അംഗമായിരുന്ന രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇടപ്പാടി അരിപ്പാറ ഗവ. എൽ.പി, അളനാട് ഗവ. യു.പി, കയ്യൂർ ഗവ. എൽ.പി സ്കൂളുകളിലാണ് സൗരോർജ സംവിധാനം നടപ്പാക്കുന്നത്. ഓരോ സ്കൂളിലും നാല് ബാറ്ററി യൂനിറ്റ്, ഇൻവെർട്ടർ, സോളാർ പാനൽ ഉൾപ്പെടെയാണ് സ്ഥാപിക്കുന്നത്.
കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർമാണം ആരംഭിച്ചെങ്കിലും ഉപകരണങ്ങൾ ലഭിക്കുന്നതിന് വന്ന കാലതാമസമാണ് പദ്ധതി പൂർത്തീകരിക്കാൻ വൈകിയത്. അഞ്ച് വർഷ ഗാരന്റിയോടെ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് സോളാർ സംവിധാനം സ്ഥാപിക്കുന്നത്. ഓണാവധിക്കുശേഷം പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി, മുൻ ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ എന്നിവർ അറിയിച്ചു.


