കോട്ടയത്ത് യു.ഡി.എഫ് ‘കൊടുങ്കാറ്റ്’
text_fieldsകോട്ടയം മുനിസിപ്പാലിറ്റി പുളിനാക്കല്‍ വാർഡിൽനിന്ന് ജയിച്ച ബിന്ദു സന്തോഷ്കുമാറിനെ
ഇല്ലിക്കൽ വാർഡിൽ വിജയിച്ച ഭർത്താവ് സന്തോഷ് കുമാര്‍ എടുത്തുയർത്തുന്നു
കോട്ടയം: മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട മധ്യതിരുവിതാംകൂറിൽ യു.ഡി.എഫിന്റെ തേരോട്ടം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുസീറ്റ് പോലും ജയിക്കാൻ സാധിക്കാതിരുന്ന പത്തനംതിട്ടയിലടക്കം മിന്നുന്ന പ്രകടനമാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി നടത്തിയത്. നേതൃത്വംപോലും പ്രതീക്ഷിക്കാത്ത ജനവിധി. കേരള കോൺഗ്രസുകളുടെ ശക്തിതെളിയിച്ച ഈ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനാണ് ഈ ജില്ലകളിൽ ഏറെ പ്രഹരമേൽക്കേണ്ടിവന്നത്. സി.പി.എം, സി.പി.ഐ പാർട്ടികൾക്കും വിചാരിച്ച നേട്ടമുണ്ടാക്കാനായില്ല. മൂന്ന് ജില്ലകളിലും ആധികാരികമായ ജയമാണ് യു.ഡി.എഫ് നേടിയത്.
ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ 23 ൽ 16 ഉം മുനിസിപ്പാലിറ്റികളിൽ 11ൽ ഒമ്പതും ഗ്രാമപഞ്ചായത്തുകളിൽ 71 ൽ 44 ഉം മുനിസിപ്പാലിറ്റികളിൽ ആറിൽ അഞ്ചിലും വിജയിച്ചാണ് യു.ഡി.എഫ് കോട്ടയം ജില്ല തൂക്കിയത്. പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ല പഞ്ചായത്തിലെ 17 ഡിവിഷനുകളിൽ 12 ഉം എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴും നാല് മുനിസിപ്പാലിറ്റികളിൽ മൂന്നും 53 ഗ്രാമപഞ്ചായത്തുകളിൽ 34 ഉം യു.ഡി.എഫ് നേടി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്വാധീനമുള്ള ഇടുക്കിയിൽ 17 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ 14 ഉം എട്ട് ബ്ലോക്കുകളിൽ ഏഴും 52 ഗ്രാമപഞ്ചായത്തുകളിൽ 36 ഉം ആകെയുള്ള രണ്ട് മുനിസിപ്പാലിറ്റികളും വിജയിച്ചാണ് യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്.
മലയോര, വനം മേഖലകൾ ഏറെയുള്ള ഈ മൂന്ന് ജില്ലകളിലും സർക്കാർ പ്രഖ്യാപിച്ച വന്യജീവി ആക്രമണ നിയമഭേദഗതി, ഭൂപതിവ് ചട്ട നിയമം, കാർഷികോൽപന്നങ്ങൾക്കുള്ള പ്രത്യേക വില എന്നിവയൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ലെന്ന് വേണം കരുതാൻ. ശബരിമല ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലും സമീപജില്ലകളായ കോട്ടയത്തും ഇടുക്കിയിലും സ്വർണക്കൊള്ള വിവാദം ഉൾപ്പെടെ വോട്ടർമാരെ സാരമായി സ്വാധീനിച്ചെന്ന് വ്യക്തം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ സ്വാധീനമുണ്ടാക്കാൻ സാധിക്കാതിരുന്ന പലയിടങ്ങളിലും അടുത്ത തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അതുറപ്പിക്കാൻ സാധിച്ചെന്നത് കോൺഗ്രസിനും യു.ഡി.എഫിനും ഏറെ ആത്മവിശ്വാസം നൽകുന്നതാണ്. എൽ.ഡി.എഫ് പലയിടങ്ങളിലും മൂന്നാമതായി പോകുന്ന കാഴ്ചയാണ് ഈ മൂന്ന് ജില്ലകളിലെ പലയിടങ്ങളിലും കാണാൻ സാധിച്ചത്.
എന്നാൽ, ഈ മൂന്ന് ജില്ലകളിലും ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടെ പലയിടങ്ങളിലും ബി.ജെ.പിക്ക് മുന്നേറ്റം നടത്താൻ സാധിച്ചുവെന്നതും ശ്രദ്ധേയം. പന്തളം മുനിസിപ്പാലിറ്റി ഭരണം നഷ്ടപ്പെട്ടെങ്കിലും അടൂർ ഉൾപ്പെടെ ഇടങ്ങളിൽ മുന്നേറ്റം നടത്താനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികളിലും നേട്ടം കൊയ്തു. മുത്തോലി, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളിലെ ഭരണം നഷ്ടപ്പെട്ടെങ്കിലും പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, അയ്മനം ഗ്രാമപഞ്ചായത്തുകളിലെ ഭരണം പിടിക്കാനായത് ബി.ജെ.പിക്ക് ആശ്വാസമാണ്. എന്നാൽ, കോട്ടയം മുനിസിപ്പാലിറ്റിയിലുണ്ടായിരുന്ന എട്ട് സീറ്റ് ആറായി കുറഞ്ഞത് അവർക്ക് ക്ഷീണമാണ്.


