ഈച്ചകളുമില്ല; കല്യാണം മുടങ്ങലുമില്ല എന്നിട്ടും ഈച്ചപ്പള്ളിയെന്ന പേര് ബാക്കി
text_fieldsവടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനിപള്ളി
കോട്ടയം: ഒരു കാലത്ത് നാടിന്റെ ശാപമായിരുന്ന മാലിന്യകേന്ദ്രം പൂട്ടി, ഈച്ചകളും പറന്നുപോയി. എന്നിട്ടും ഈച്ചപ്പള്ളിയെന്ന് പറഞ്ഞാൽ മാത്രം പഴയ തലമുറക്ക് അറിയാവുന്നൊരു പള്ളിയുണ്ട് വടവാതൂരിൽ-മാർ അപ്രേം യാക്കോബായ സുറിയാനിപള്ളി. മാലിന്യത്തിന് നടുവിൽ ശ്വാസം മുട്ടിയ നാട് നടത്തിയ ഒരു പതിറ്റാണ്ടിലേറെ നീണ്ട സമരപോരാട്ടങ്ങളെകുറിച്ചാണ് സവിശേഷമായ ഈ പേരിന് പറയാനുള്ളത്.
‘‘വീടുകളിലെ കഞ്ഞിക്കലം നിറയെ ആഫ്രിക്കൻ ഒച്ചുകളായിരുന്നു. വെള്ളം മലിനമായി. കുട്ടികൾക്കും മുതിർന്നവർക്കും വ്യാപകമായി ത്വഗ്രോഗം പിടിപെട്ടു. ചെറുപ്പക്കാരുടെ കല്യാണം നടക്കാതായി. പലരും കിട്ടുന്ന വിലക്ക് സ്ഥലം വിറ്റുപോയി. ദുർഗന്ധം കാരണം പുറംനാട്ടുകാരാരും അടുക്കാതായി. ബന്ധുവീടുകളിൽ കയറ്റുകയോ ബന്ധുക്കൾ ഇങ്ങോട്ടുവരികയോ ഇല്ലാതായി.
നിയമസഭയിൽ വിഷയം വന്നപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത് നാലുകിലോമീറ്റർ ദൂരമുള്ള തന്റെ വീട്ടിൽ പോലും ഇരിക്കാൻ വയ്യെന്നായിരുന്നു. അത്രക്കുണ്ടായിരുന്നു ദുർഗന്ധം. സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനാവില്ല. സമീപത്തെ ആശുപത്രിയിൽ ആരും ചികിത്സ തേടി എത്താതായി’’- ആക്ഷൻ കൗൺസിൽ കൺവീനർ പോൾസൻ പീറ്റർ ഓർമിക്കുന്നു. 2000 ആയതോടെ ആക്ഷൻകൗൺസിൽ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം തുടങ്ങി.
മാലിന്യം കൊണ്ടുവന്ന വാഹനം തകർക്കലും കൂട്ട അറസ്റ്റും ആത്മാഹുതി ശ്രമങ്ങളുമടക്കം ശക്തമായ പോരാട്ടം. ഗായകൻ യേശുദാസ്, മേധ പട്കർ, വി.ആർ. കൃഷ്ണയ്യർ എന്നിവർ സമരത്തിന് പിന്തുണയുമായി വടവാതൂരിലെത്തി. ഒടുവിൽ 2013ൽ മാലിന്യകേന്ദ്രം പൂട്ടിയതോടെയാണ് ആ നാടിന് ശ്വാസം തിരിച്ചുകിട്ടിയത്.
12 വർഷം പിന്നിടുമ്പോൾ മാലിന്യകേന്ദ്രത്തിലെ വർഷങ്ങൾ പഴക്കമുള്ള മാലിന്യം നീക്കൽ പുരോഗമിക്കുന്നു. വീടുകളിൽ ബന്ധുക്കളെത്തി. ഈച്ചപ്പള്ളിയിൽ കല്യാണങ്ങൾ നടക്കുന്നു, ഭക്ഷണം വിളമ്പുന്നു. നിരവധി വികസന പ്രവർത്തനങ്ങൾ നാട്ടിൽ നടപ്പായി. മാലിന്യത്തിനെതിരായ പോരാട്ടം ഇന്ന് വടവാതൂരിലെ പുതുതലമുറക്ക് ഓർമ മാത്രം.
ഒരു കാലത്ത് നഗരത്തിലെ മാലിന്യക്കൊട്ട ആയിരുന്നു വടവാതൂർ. മാലിന്യത്തിന്റെ ദുർഗന്ധവും ഈച്ചശല്യവും മൂലം ജനം വലഞ്ഞു. ചടങ്ങുകൾക്കൊന്നിനും ഭക്ഷണം വിളമ്പാനാവില്ല. അപ്പോൾ പറന്നെത്തും കാർമേഘം പോലെ ആർത്തുവിളിച്ച് മണീയനീച്ചകൾ. പള്ളിയിൽ കല്യാണത്തിന് ഭക്ഷണം വിളമ്പിയപ്പോൾ നിറയെ ഈച്ചകളായിരുന്നു. വന്നവരെല്ലാം ഭക്ഷണം കഴിക്കാതെ മടങ്ങി. അങ്ങനെയാണ് ഈച്ചപ്പള്ളിയെന്ന് പേര് വന്നത്. പുറംനാട്ടിലുള്ളവർക്ക് ഇത് കേൾക്കുമ്പോൾ അതിശയോക്തി തോന്നാമെങ്കിലും വടവാതൂരുകാർ അനുഭവിച്ച യാഥാർഥ്യമാണിത്.