കർഷകന്റെ മരണം; ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsചെല്ലപ്പന്
വൈക്കം: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജൈവ കർഷകൻ മക്കൻ ചെല്ലപ്പന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികമായ പാടുകളോ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് തലയാഴം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ചെല്ലപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചിരുന്നു.
കുറച്ച് നാളുകളായി സി.പി.ഐക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ വ്യക്തിയായിരുന്നു മക്കൻ ചെല്ലപ്പൻ. മരണത്തിന് മുമ്പത്തെ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലും അദ്ദേഹം സി.പി.ഐക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. തനിക്കെതിരെ പാർട്ടിയുടെ ഭാഗത്തുനിന്ന് വലിയ സമ്മർദമുണ്ടായിരുന്നുവെന്നും, മുമ്പ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


