ഇംഗ്ലീഷ് നോവൽ പുറത്തിറക്കി ഏഴാംക്ലാസ് വിദ്യാർഥി
text_fieldsഅഭിമന്യുവിനെ കെ. ബിനിമോൻ എം.എൽ.എ അനുമോദിക്കുന്നു
വൈക്കം: പന്ത്രണ്ടാം വയസ്സിൽ ഇമോർട്ടലൈസേഷൻ എന്ന ഇംഗ്ലീഷ് നോവൽ പുറത്തിറക്കി ഏഴാം ക്ലാസ് വിദ്യാർഥി. വെള്ളൂർ ഭവൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അഭിമന്യുവാണ് നോവൽ പ്രസിദ്ധീകരിച്ചത്. സ്കൂൾ റഫ് ബുക്കിലാണ് നാലു വർഷമായി ഇംഗ്ലീഷ് നോവലുകൾ എഴുതിയിരുന്നത്. ചെറുപ്പത്തിലെ ചിത്രം വരച്ചിരുന്ന അഭിമന്യു ചിത്രങ്ങൾ സഹിതമാണ് മൂന്നാം ക്ലാസ് മുതൽ ഇംഗ്ലീഷിൽ നോവൽ എഴുതിത്തുടങ്ങിയത്. മറവൻതുരുത്ത് കടൂക്കര സ്വദേശികളും കൊച്ചി ഇൻഫോപാർക്ക് ജീവനക്കാരുമായ അർജുന്‍റെയും ശീതളിന്‍റെയും മകനാണ്.
ഫാന്റസി നോവലിന്‍റെ ആദ്യഭാഗം സംഗീതസംവിധായകൻ ബിജിപാലാണ് പ്രകാശനം ചെയ്‌തത്. ഏഴു ഭാഗമായുള്ള നോവലിന്‍റെ ചിത്രങ്ങൾ അഭിമന്യുതന്നെ വരച്ച് എ.ഐ സാങ്കേതികവിദ്യയിൽ തയാറാക്കി എന്നതും പുസ്‌തകത്തിന്‍റെ പ്രത്യേകതയാണ്. കെ. ബിനിമോൻ എം.എൽ.എ. വായനദിനത്തിൽ അഭിമന്യുവിനെ വീട്ടിലെത്തി അനുമോദിച്ചു. പഞ്ചായത്ത് അംഗം ആർ. അനീഷ് അധ്യക്ഷത വഹിച്ചു. മോഹൻ ഡി. ബാബു, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, എൻ.സി. തോമസ്, മുൻ പഞ്ചായത്ത് അംഗം ലത അശോകൻ എന്നിവർ പങ്കെടുത്തു. ഹരി ചാരുത, ഗിരീഷ് പരുത്തിമഠം, മൈൻഡ് പബ്ലിക്കേഷൻസ് തിരുവനന്തപുരം എന്നിവരാണ് നോവലിന്‍റെ പ്രസാധകർ.


