കായിക സ്വപ്നങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ; മടിയത്തറ സ്കൂളിലെ സ്റ്റേഡിയ നിർമാണം തടഞ്ഞ് വൈക്കം നഗരസഭ
text_fieldsവൈക്കം: വൈക്കം വെസ്റ്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി (മടിയത്തറ സ്കൂൾ) സ്കൂളിൽ സ്റ്റേഡിയം നിർമിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ വ്യാപക പ്രതിഷേധം.സ്കൂളിന് കിഴക്കുഭാഗത്ത് ഒരു ഏക്കറോളം സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടെ സ്റ്റേഡിയം നിർമിക്കാൻ സംസ്ഥാന സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. 2025 ആഗസ്റ്റ് 15ന് കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
സ്റ്റേഡിയം നിർമാണത്തിന് ആവശ്യമായ സ്ഥലം സ്കൂൾ അധികൃതർ നേരത്തെ തന്നെ സർക്കാറിന് കൈമാറിയിരുന്നു. ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമാണ പ്രവർത്തനം നടക്കുന്നതിനിടയിലാണ് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ ലഭിച്ചത്.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച സ്കൂൾ ആണിത്. അടച്ചു പൂട്ടലിന്‍റെ വക്കിൽ വരെയെത്തിയ സ്കൂളിന് പൂർവവിദ്യാർഥി സംഘടനയുടെയും പി.ടി.എയുടെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സഹായത്തോടെ നവജീവൻ ലഭിച്ചത്.
പിന്നാക്കം നിൽക്കുന്ന സ്കൂളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് രണ്ടുകോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടവും നിർമിച്ചിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളിലെ വിദ്യാർഥികളെ കായികരംഗത്തും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നിർമാണം തുടങ്ങിയത്.നിർമാണം നിർത്താൻ സ്റ്റോപ്പ് മെമ്മോ നൽകിയ നഗരസഭ കൗൺസിൽ നടപടിക്കെതിരെ സ്കൂൾ സംരക്ഷണ സമിതി നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.


