കാനം ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്
text_fieldsകാനം രാജേന്ദ്രന്റെ ഭാര്യ വനജയും മകൻ സന്ദീപും സന്ദീപിന്റെ ഭാര്യ താരയും കാനം സി.എം.എസ് എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയപ്പോൾ
വാഴൂർ: കാനം എന്ന കൊച്ചുഗ്രാമത്തിന്റെ പേര് കേരള രാഷ്ട്രീയത്തിന്റെ പേരായി അടയാളപ്പെടുത്തിയ സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇല്ലാത്ത ആദ്യപഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. കാനത്തിന്റെ രണ്ടാം ചരമവാർഷിക ദിനമായ തിങ്കളാഴ്ച കാനത്തിലെ കൊച്ചുകള പുരയിടത്തിലെ വീട്ടുവളപ്പിലെ കാനം സ്മൃതി മണ്ഡപത്തിൽ സി.പി.ഐയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ ഭാര്യ വനജയും കുടുംബാംഗങ്ങളും തറവാട്ടുവീട്ടിൽ ഉണ്ടായിരുന്നു.
കാനത്തിന്റെ നിഴൽപോലെ കൂടെയുണ്ടായിരുന്ന ഭാര്യ വനജയും മകൻ സന്ദീപും സന്ദീപിന്റെ ഭാര്യ താരയും ഇക്കുറിയും പതിവ് തെറ്റിക്കാതെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വാഴൂർ പഞ്ചായത്ത് 14ാം വാർഡിലെ കാനം സി.എം.എസ്.എൽ.പി സ്കൂളിൽ എത്തിയാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്.


