ആയിരങ്ങൾ നാളെ ആദ്യക്ഷരം കുറിക്കും...
text_fieldsകോട്ടയം: വിജയദശമി ദിനമായ നാളെ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരത്തിന്റെ അമൃത് നുകരും. ക്ഷേത്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച വൈകിട്ട് പൂജവെപ്പ് നടന്നു.
ചൊവ്വാഴ്ച്ച ദുർഗാഷ്ടമിയും ബുധനാഴ്ച്ച മഹാനവമിയുമാണ്. ഈ ദിനങ്ങളിലെ പ്രത്യേക പൂജകൾക്ക് ശേഷം വ്യാഴാഴ്ച രാവിലെയാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക. മണലിലും അരിയിലുമൊക്കെയായി കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കും. സംഗീത, നൃത്ത, വാദ്യ, ചിത്രരചന തുടങ്ങിയവയിലെല്ലാം വിദ്യാരംഭം കുറിക്കും.
വിദ്യാരംഭ ചടങ്ങുകൾ നടക്കുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളാണ് നിത്യേന നടക്കുന്നത്.
വ്യാഴാഴ്ച്ച പുലർച്ചെ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മറ്റ് പല ക്ഷേത്രങ്ങളിലും പത്രസ്ഥാപനങ്ങൾ, ലൈബ്രറികൾ ഉൾപ്പെടെ ഇടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ തൂലികാ പൂജക്ക് കഴിഞ്ഞദിവസം തുടക്കമായി. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സരസ്വതി മണ്ഡപത്തില്‍ തൂലികാ പൂജയും വിശേഷാല്‍ സരസ്വതി പൂജയും നടന്നു.
രണ്ടിന് രാവിലെ ഏഴ് മുതല്‍ വിദ്യാരംഭവും പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും ആരംഭിക്കും. പ്രമുഖ കവി ആര്.കെ. വള്ളിച്ചിറ നേതൃത്വം നല്‍കും. പുസ്തകം പൂജക്ക്വെച്ച മുഴുവന്‍ വിദ്യാർഥികള്‍ക്കും പൂജിച്ച തൂലികകള്‍ വിതരണം ചെയ്യും. മഹാഫല മധുരനിവേദ്യവും അവല് പ്രസാദ വിതരണവുമുണ്ട്. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ പൂജവയ്പ് നടന്നു. ദുർഗാഷ്ടമി ദിനത്തില്‍ ദുർഗ പൂജ സഹസ്രനാമാര്‍ച്ചന നടന്നു.
മഹാനവമിക്ക് രാവിലെയും വൈകിട്ടും വിശേഷാല്‍ ദേവീപൂജ, സഹസ്രനാമാര്‍ച്ചന, ആയുധപൂജ ഇവ നടക്കും. വിജയദശമി ദിനത്തിൽ രാവിലെ ആറ് മുതല്‍ മേല്‍ശാന്തി സനീഷ് ശാന്തിയുടെ കാർമികത്വത്തില്‍, സരസ്വതീപൂജയും തൂലികാ പൂജയും പൂജയെടുപ്പും വിദ്യാരംഭവും നടക്കും.
പാലാ വെള്ളാപ്പാട് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചു. ബുധനാഴ്ച ദുര്‍ഗാഷ്ടമി പൂജയും വ്യാഴാഴ്ച്ച ആയുധപൂജയും സമൂഹസാരസ്വതാര്ച്ചന, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും നടക്കും. ഐങ്കൊമ്പ് പാറേക്കേവ് ഭദ്രകാളി ക്ഷേത്രം, കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, രാമപുരം നാലമ്പലങ്ങള്‍ എന്നിവിടങ്ങളിലും വിജയദശമി ആഘോഷ ഭാഗമായി വിവിധ പൂജകള്‍ നടക്കും.
പേണ്ടാനംവയല്‍ ശ്രീബാലഭദ്ര ക്ഷേത്രത്തില്‍ നവരാത്രി ഉത്സവ ഭാഗമായുള്ള പൂജവെപ്പ് നടത്തി. പറവൂര്‍ ശശിധരന് തന്ത്രി, മുകേഷ് ശാന്തി, വിഷ്ണു ശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് നവരാത്രി പൂജാ ചടങ്ങുകള്‍ നടക്കുന്നത്. കിടങ്ങൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ പൂജവെപ്പ് നടത്തി. വിജയദശമിനാളില്‍ രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് വിശേഷാല്‍ സരസ്വതീപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, 7.30ന് ധാര, 8ന് വിശേഷാല്‍ പൂജ എന്നിവ നടക്കും.
വിദ്യാരംഭം, പനച്ചിക്കാട് ഗതാഗത നിയന്ത്രണം
കോട്ടയം: പനച്ചിക്കാട് വിദ്യാരംഭവുമായി ബന്ധപ്പെട്ട് ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
• പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്ക്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം ജങ്ഷൻ, കച്ചേരി കവല വഴി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യണം.
• വാകത്താനം ഞാലിയാകുഴി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാറക്കുളം പരുത്തുംപാറ ജങ്ഷനിൽ വന്ന് ഓട്ടകാഞ്ഞിരം, കച്ചേരി കവല വഴി അമ്പലത്തിൽ എത്തി നിർദേശിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം.
• ചിങ്ങവനം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പരുത്തുംപാറ, ഓട്ടകാഞ്ഞിരം ജങ്ഷൻ വഴി കച്ചേരി കവല പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദേശിച്ച സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യണം.
• പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും വാകത്താനം, ചിങ്ങവനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളൂത്തുരുത്തി - പാറക്കുളം വഴി തിരികെ പോകണം.
• പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അമ്പാട്ട്കടവ് വഴി തിരികെ പോകണം.
•വഴിയരികിൽ വാഹനം പാര്‍ക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴി വണ്‍ വേ ആണെന്നും ആ വഴിയിലൂടെ വാഹനങ്ങള്‍ തിരികെ പോകാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.