കോരുത്തോടുകാരുടെ മനസ്സിൽ വി.എസ് എന്നുമുണ്ടാവും
text_fieldsകോരുത്തോട്: വി.എസിന്റെ വേർപാട് കോരുത്തോടുകാർ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയാണ്. 20 വർഷം മുമ്പ് പ്രഥമ കോരുത്തോട് പഞ്ചായത്ത് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനാന്ദന്റെ വാക്കുകൾ കോരുത്തോടുകാരുടെ കാതിൽ ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നു. നീട്ടിയും കുറുക്കിയുമുള്ള വി.എസിന്റെ പ്രസംഗം കേൾക്കാൻ പഞ്ചായത്തിനു പുറത്തുനിന്നും നിരവധി പേരാണ് എത്തിയത്.
2005ലാണ് മുണ്ടക്കയം പഞ്ചായത്തിൽനിന്ന് സംസ്ഥാനത്തെ ആയിരാമത്തെ പഞ്ചായത്തായി കോരുത്തോട് രൂപംകൊണ്ടത്. 2005 ഡിസംബർ ആറിനാണ് വി.എസ് ഉദ്ഘാടനത്തിന് എത്തുന്നത്. ഇടതു മുന്നണിക്കു പഞ്ചായത്തിന്റെ ഭരണം കിട്ടിയതോടെ പഞ്ചായത്ത് കാര്യാലയം ഉദ്ഘാടനം ചെയ്യാൻ ഭരണസമിതി പ്രതിപക്ഷ നേതാവ് വി.എസിനെ ക്ഷണിക്കുകയായിരുന്നു. വി.എസ് കോരുത്തോട്ടിൽ ആദ്യമായിട്ടായിരുന്നു എത്തിയത്. അതുകൊണ്ടുതന്നെ വി.എസിനെ കാണാനും പ്രസംഗം കേൾക്കാനും വൻ തിരക്കായിരുന്നു.
പിന്നീട് പഞ്ചായത്തിന്റെ വികസന കാര്യങ്ങളിൽ വി.എസ് എന്ന പ്രതിപക്ഷ നേതാവും വി.എസ് എന്ന മുഖ്യമന്ത്രിയും കോരുത്തോടിന് കാര്യമായ പരിഗണന നൽകിയിരുന്നു. കോരുത്തോടിനോടുള്ള ആ ബന്ധം അവസാനഘട്ടം വരെ വി.എസ് കാത്തുസൂക്ഷിച്ചിരുന്നു എന്ന് പഴയകാല ജനപ്രതിനിധികൾ പറയുന്നു. വി.എസിന്റെ സാന്നിധ്യംകൊണ്ട് തുടക്കംകുറിച്ച കോരുത്തോട് പഞ്ചായത്ത് എക്കാലവും അദ്ദേഹത്തെ ഓർമിക്കും.