കാണെ കാണെ അപ്രത്യക്ഷമാകും വാർഡുകൾ
text_fieldsജില്ല ജനറൽ ആശുപത്രിയിലെ പൊളിച്ചുകളഞ്ഞ വാർഡുകളിൽ ചിലത്
കോട്ടയം: ജില്ലാശുപത്രിയിൽ എന്ത്, എപ്പോൾ നടക്കുമെന്നു പറയാനാവില്ല. ഇന്ന് കണ്ടത് നാളെ കാണണമെന്നില്ല. മുന്നറിയിപ്പില്ലാതെ ഒറ്റയടിക്ക് നേത്ര ശസ്ത്രക്രിയ തിയറ്റർ പൊളിച്ചുനീക്കി കല്ലും മണ്ണും മാത്രമാക്കിയ ടീമാണ് ഇവിടെയുള്ളത്. രോഗികളുടെ സൗകര്യം നോക്കിയല്ല, ഉദ്യോഗസ്ഥർക്ക് തോന്നുംപടിയാണ് തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും. ഒന്നുമുതൽ 12 വാർഡുകൾ വരെ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോഴുള്ളത് നാല് വാർഡ് മാത്രം. ബാക്കിയെല്ലാം ബദൽ സൗകര്യമൊരുക്കാതെ പൊളിച്ചുമാറ്റി.
കിടക്കാനിടമില്ലാതെ രോഗികൾ
2016 ൽ ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ജില്ല ഭരണകൂടങ്ങളുടെ കൈവശമുണ്ടായിരുന്ന ജില്ല ആശുപത്രികളുടെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയത്. അങ്ങനെ ആശുപത്രി കോട്ടയം നഗരസഭക്ക് കിട്ടി. സ്വന്തം കാര്യം നോക്കാൻ വകയില്ലാത്ത കോട്ടയം നഗരസഭക്ക് ആശുപത്രി ബാധ്യതയായി. വികസനം മുരടിച്ചു. വികസന സമിതി അംഗം പി.കെ. ആനന്ദക്കുട്ടൻ അടക്കം നിരവധി പേരുടെ ശ്രമഫലമായി ആശുപത്രി 2018ൽ ജില്ല പഞ്ചായത്തിന് കൈമാറി.
സഖറിയാസ് കുതിരവേലി ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. പിന്നീട് ഒട്ടേറെ വികസന പദ്ധതികൾ നടപ്പായി. അക്കാലത്ത് ഓടും ഷീറ്റുമിട്ട കെട്ടിടങ്ങളായിരുന്നു വാർഡുകൾ. ഇഴജന്തുക്കൾ രോഗികളുടെ ദേഹത്ത് വീഴുന്നതും മഴക്കാലത്ത് ചോർന്നൊലിക്കുന്നതും പതിവായിരുന്നു.
ഇതിനു പരിഹാരമായാണ് 2018 ൽ കിഫ്ബി പദ്ധതിയിൽ 220 കോടിയുടെ പത്തുനില കെട്ടിടം പ്രഖ്യാപിക്കപ്പെട്ടത്. ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതി പക്ഷെ ആറുവർഷം കഴിഞ്ഞിട്ടും ഒരടിപോലും മുന്നോട്ടുനീങ്ങിയിട്ടില്ല. എന്നാൽ, പദ്ധതിക്കായി സ്ഥലമൊരുക്കാൻ ഏഴ് മുതൽ 12 വരെ വാർഡുകൾ ധിറുതിയിൽ പൊളിച്ചുനീക്കി. ഇപ്പോൾ രോഗികൾക്ക് കിടക്കാനിടമില്ലാത്ത അവസ്ഥ. 374 കിടക്കകളാണ് ആകെയുള്ളത്.
ആശുപത്രിയുടെ ബോർഡിൽ മാറ്റം വന്നെങ്കിലും കിടക്കകളുടെ എണ്ണം പഴയ പടി തന്നെ. ഇതിൽ 60 ശതമാനം കിടക്കകളും വാർഡുകൾ പൊളിച്ചുനീക്കിയതിലൂടെ നഷ്ടമായി. 40 ശതമാനം കിടക്കകളുമായാണ് നഗരമധ്യത്തിലെ പ്രധാന സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നത്.
ഒന്നാംവാർഡ് കോവിഡ് കാലത്ത് സ്റ്റോർ ആക്കി മാറ്റിയിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചില്ല. രണ്ടാം വാർഡിലാണ് അത്യാഹിത വിഭാഗം രോഗികൾ. ബേൺസ് യൂനിറ്റും ഇവിടെതന്നെ. മൂന്നാം വാർഡ് ജനറലാണ്. നേരത്തെ സത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ വാർഡുകളുണ്ടായിരുന്നു. നാലാംവാർഡ് പ്രസവ വാർഡാണ്.
അഞ്ചാംവാർഡ് അറ്റകുറ്റപ്പണിക്കായി പൂട്ടിയിട്ടിരിക്കുന്നു. ആറാം വാർഡ് കുട്ടികളുടെ വാർഡും. ബാക്കി ഏഴുമുതൽ 12 വരെ വാർഡുകളാണ് പൊളിച്ചുകളഞ്ഞത്.
അഞ്ചാം വാർഡിനെന്തുപറ്റി
അഞ്ചാംവാർഡ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ പ്ലാസ്റ്ററിങ് അടർന്നുവീണതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത്. മറ്റ് വാർഡുകൾ പൊളിച്ചുനീക്കിയതിനു പിന്നാലെ അഞ്ചാം വാർഡുകൂടി ഇല്ലാതായതോടെ രോഗികൾ തീർത്തും കഷ്ടത്തിലായി. 42 കിടക്കകളാണ് നഷ്ടമായത്.
മെഡിക്കൽ കോളജിൽനിന്ന് തുടർചികിത്സക്കായി എത്തിക്കുന്ന രോഗികളെപ്പോലും മടക്കിപ്പറഞ്ഞയക്കേണ്ടിവരുന്ന ഗതികേട്. ആറുമാസം കൊണ്ട് തീരേണ്ട പണിക്ക് വാർഡ് അടച്ചിട്ടിട്ട് രണ്ട് വർഷമാവാറായി. പണി പൂർത്തിയായെന്നും ഉടൻ തുറക്കുമെന്നുമാണ് അധികൃതരുടെ പതിവുപല്ലവി.
കണ്ണില്ലാത്ത ക്രൂരത
രോഗികളെകുറിച്ചുള്ള അധികൃതരുടെ കരുതലില്ലായ്മക്ക് ഏറ്റവും വലിയ ഉദാഹരണമാണ് നേത്രശസ്ത്രക്രിയ വിഭാഗം ഒരു സുപ്രഭാതത്തിൽ പൊളിച്ചുകളഞ്ഞത്. പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് തിയറ്റർ പൊളിച്ചത്.
എന്നാൽ, പകരം സൗകര്യം ഒരുക്കിയില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ നേത്ര ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയാണിത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വൻ പ്രതിഷേധമുയർന്നു. തുടർന്ന് പേവാർഡിന്റെ മൂന്നുമുറികൾ ചേർത്ത് 38 ലക്ഷം രൂപ ചെലവഴിച്ച് തിയറ്റർ ഒരുക്കുകയായിരുന്നു.
നിലവിലുള്ള വാർഡുകൾ
രണ്ട്- അത്യാഹിത വിഭാഗം, ബേൺസ് യൂനിറ്റ്
മൂന്ന്- ജനറൽ
നാല്- പ്രസവ വാർഡ്
ആറ്- കുട്ടികളുടെ വാർഡ്
നാളെ- മണ്ണിൽ നിന്നുയരാതെ പത്തുനിലക്കെട്ടിടം