ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശം
text_fieldsകോട്ടയം: അതിശക്തമായ കാറ്റിലും മഴയിലും രണ്ടുദിവസത്തിനിടെ ജില്ലയിൽ 172 വീടുകൾക്ക് ഭാഗികനാശം. രണ്ടുവീട് പൂർണമായി നശിച്ചു. രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിൽ ഓരോ ക്യാമ്പാണുള്ളത്. നാലു കുടുംബത്തിലെ 19 പേരാണ് ക്യാമ്പിലുള്ളത്. ശക്തമായ കാറ്റിൽ ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപകമായി മരങ്ങൾ കടപുഴകിയും ചില്ലകൾ വീണും വീടുകൾക്ക് നാശമുണ്ടായി. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മരം വീണ് തകർന്നു.
ജില്ലയിലെ 54 വില്ലേജുകളിൽ മഴക്കെടുതി നേരിട്ടു. ശനിയാഴ്ച മഴക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച ആഞ്ഞുവീശിയ കാറ്റിന്റെ ഞെട്ടലിലാണ് ജില്ല. പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. ചങ്ങനാശ്ശേരി: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കാറ്റിലും മഴയിലും മൂന്ന് വീടുകൾ തകർന്ന് നാശനഷ്ടം. ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പായിപ്പാട് 11ാം വാർഡിൽ പാറക്കൽ സൈഫിന്റെ വീട് ഭാഗികമായി ഇടിഞ്ഞു.
സൈഫും കുടുംബാഗങ്ങളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അടുക്കളയും ഒരുമുറിയും തകർന്നു. വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി ഇത്തിത്താനം കരിമ്പിൻതറ ഓമനക്കുട്ടന്റെ വീടിന് കേടുപാട് സംഭവിച്ചു. അടുക്കളയും ഒരു മുറിയും ശുചിമുറിയും പൂർണമായി തകർന്ന നിലയിലാണ്. കുടുംബാംഗങ്ങൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഓമനക്കുട്ടന്റെ ഓട്ടോക്കും കേടുപാടുണ്ട്. പെരുമ്പനച്ചി പ്രാക്കുഴി ഷീജ ബിജിയുടെ വീടും വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഭാഗികമായി തകർന്നു.
ചാമംപതാൽ: ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ കനത്ത നാശനഷ്ടം. ഉള്ളായം കാക്കനാട്ട് കുഞ്ഞുമോന്റെ വീട് തേക്ക് മരം വീണ് തകർന്നു. ചാമംപതാൽ ആനിക്കാട് ഷിമാലിന്റെ വീടിന് പാലമരം വീണ് കേടുപാട് സംഭവിച്ചു. മേഖലയിലാകെ മരങ്ങൾ വീണ് കമ്പികൾ പൊട്ടിയതിനെ തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായി. മരങ്ങൾ കടപുഴകി വിവിധ റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടായി.
കങ്ങഴ: ശക്തമായ കാറ്റിൽ കങ്ങഴ, നെടുംകുന്നം പഞ്ചായത്തുകളിൽ വ്യാപകനാശം. റബർ, തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ കൂറ്റൻമരങ്ങൾ വീണു. ലൈനുകൾ പൊട്ടിയും പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതി ബന്ധം തകരാറിലായി. പത്തനാട് കവലക്ക് സമീപം റോഡിന് കുറുകെ മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ഗ്രാമീണ റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. 50ലേറെ വൈദ്യുതി തൂണുകൾ ഒടിഞ്ഞു.
കാഞ്ഞിരപ്പാറ കൊന്നയ്ക്കൽ രഞ്ജിത്ത് ആർ. നായരുടെ വീടിന് മുകളിൽ മരംവീണ് ഷീറ്റുകൾ തകർന്നു. കങ്ങഴ ചൂരനോലീൽ സുനിൽകുമാറിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. കങ്ങഴ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. കങ്ങഴ 11ാം വാർഡിൽ വാഴത്തോട്ടത്തിൽ വി.ടി. സുരേഷിന്റെ വീടിന് മുകളിൽ തേക്ക് മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മരംവീണ് പലയിടത്തും വൈദ്യുതിലൈനുകൾ പൊട്ടിവീണു. പലയിത്തും റബർമരങ്ങൾ വീണു. മൈലാടി, ചേലക്കൊമ്പ്, നിലംപൊടിഞ്ഞ ഭാഗങ്ങളിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.
ആഞ്ഞിലി മരം കടപുഴകി
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി റൂട്ടിൽ വെയിൽ കാണാംപാറക്ക് സമീപം റോഡരികിൽ നിന്ന കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണു. 150 ഇഞ്ചോളം വണ്ണമുള്ള മരമാണ് വീണത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഈ സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കുള്ള റോഡാണിത്. തലനാരിഴക്കാണ് വാഹനങ്ങൾ അടിയിൽ പെടാതിരുന്നത്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മരത്തോടൊപ്പം നിലം പതിച്ചു. കാഞ്ഞിരപ്പള്ളി റൂട്ടിൽ ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും ടീം എമർജൻസി പ്രവർത്തകരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.