വന്യജീവി ആക്രമണം: പൊറുതിമുട്ടി ജീവിതം; ഭൂമാഫിയ തന്ത്രങ്ങളും സൗത്ത് പാമ്പാടിയുടെ ഉറക്കം കെടുത്തുന്നു
text_fieldsപാമ്പാടി: കൃഷിയും കന്നുകാലി വളർത്തലും പ്രധാന ഉപജീവനമാർഗമാക്കിയ സൗത്ത് പാമ്പാടിക്കാരുടെ ജീവിതം വന്യജീവി ആക്രമണത്തിൽ ദുരിതമായി. റബർ ആയിരുന്നു ഇവിടത്തെ പ്രധാനകൃഷി. ഇതിൽ നിന്നുമുള്ള വരുമാനമായിരുന്നു പ്രധാന വരുമാനവും. റബർ വിലയിടിവിനെ തുടർന്ന് മറ്റു കൃഷികളിലേക്ക് കർഷകർ തിരിഞ്ഞു. വന്യമൃഗ ഭീഷണിയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. കാട്ടുപന്നിയും കുറുനരിയും കുരങ്ങുകളും കർഷകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയാണ്. കപ്പ കൃഷിക്ക് പ്രസിദ്ധമായിരുന്ന പ്രദേശത്ത് പന്നിശല്യം വർധിച്ചതോടെ കൃഷി ചെയ്യാൻ വയ്യാതെയായി.
കിഴങ്ങ് വർഗങ്ങൾ കിട്ടാതായതോടെ പന്നികൾ റബർ മരങ്ങൾ നശിപ്പിക്കാൻ തുടങ്ങി. അതിന് പുറമേയാണ് കുരങ്ങുകളും എത്തിയത്. അവ പേരയ്ക്ക, ആത്തക്ക, ഫാഷൻ ഫ്രുട്ട് തുടങ്ങിയവയും ടാപ്പ്ചെയ്തുവെച്ചിരിക്കുന്ന റബർ മരങ്ങളുടെ ചിരട്ടകൾ ഉൾപ്പെടെ നശിപ്പിക്കുകയാണ്. അതിനു പുറമേയാണ് കുറുനരിയുടെയും കുറുക്കന്റെയും ശല്യം. കുറുനരിയുടേയും കുറുക്കന്റെയും ആക്രമണത്തിൽ മേഖലയിലെ കോഴിവളർത്തൽ പുർണമായും ഇല്ലാതെയായി. കൂടുകളിലുൾപ്പെടെ അടച്ചിരിക്കുന്ന കോഴികളെ രാവിലെ തുറന്നുവിടാൻ ചെല്ലുമ്പോൾ കാലും തലയുമില്ലാത്ത കോഴികളുടെ അവശിഷ്ടങ്ങളാണ് കാണാറുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
കോഴികൾ ഇല്ലാതായതോടെ ഈ ജീവികളുടെ ആക്രമണം വളർത്തുമൃഗങ്ങൾക്കെതിരെയായി. വന്യമൃഗ ആക്രമണം മൂലം ജീവിതം ദുസ്സഹമായതിനെ തുടർന്ന് പലരും സ്ഥലം വിറ്റ് മറ്റ് എവിടേക്കെങ്കിലും പോകാനുള്ള ഒരുക്കത്തിലാണ്.
സ്ഥലം വിറ്റുപോകാൻ ഒരുങ്ങുന്നവരെ ഭൂമാഫിയ ചൂഷണം ചെയ്യുകയാണെന്ന പരാതിയും വ്യാപകമാണ്. വർഷങ്ങൾക്ക് മുമ്പ് ഉൾപ്രദേശത്തു വരെ നല്ല വില കിട്ടുമായിരുന്നു. അതിപ്പോൾ വല്ലാതെ കുറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഭൂമി വീടുനിർമ്മാണത്തിന്റെ മറവിൽ അനുമതി വാങ്ങിയശേഷം ഭൂ മാഫിയ മണ്ണുകടത്തി വൻലാഭം ഉണ്ടാക്കുകയാണ്. മണ്ണിനടിയിൽ ഉണ്ടക്കല്ലുകളാൽ നിറഞ്ഞ പ്രദേശങ്ങൾ മറ്റു കൃഷിക്ക് അനുയോജ്യമല്ലാതെ കാടുപിടിച്ച പ്രദേശങ്ങളായി മാറുകയാണ്. വീടുനിർമ്മാണത്തിന് അനുമതി വാങ്ങി മണ്ണ് നീക്കം ചെയ്ത ശേഷം നിർമാണം നടത്തിയില്ലെങ്കിൽ പിഴ ഈടാക്കാൻ നിയമം ഉണ്ടെങ്കിലും നടപ്പാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഭൂമാഫിയ കഴുകൻ കണ്ണുകളുമായി പ്രദേശത്ത് ചുറ്റിത്തിരിയുകയാണെന്നും രാഷ്ട്രീയ പാർട്ടികളെ സ്വാധീനിക്കാൻ ശ്രമങ്ങൾ അവർ തുടരുകയാണെന്നും നാട്ടുകാർ പറയുന്നു.


