ഇടുക്കി വെള്ളം മീനച്ചിലിൽ എത്തുമോ നടപടിയുമായി സർക്കാർ; പ്രതീക്ഷ നൽകി മന്ത്രിയും
text_fieldsമലങ്കര ഡാം റിസർവോയർ
പാലാ: നീണ്ട ഇടവേളക്ക് ശേഷം മീനച്ചിൽ റിവർവാലി പദ്ധതി വീണ്ടും ചർച്ചയാകുന്നു.പതിറ്റാണ്ടുകൾക്ക് മുമ്പ് വിഭാവനം ചെയ്ത പദ്ധതി രാഷ്ട്രീയ എതിർപ്പുകളെ തുടർന്ന് മരവിച്ചു കിടക്കുകയായിരുന്നു. ഒക്ടോബർ രണ്ടാംവാരം നിർമാണത്തിനായുള്ള പ്രാരംഭ പ്രവർത്തനം തുടങ്ങുമെന്ന് പൊതുചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചതാണ് വീണ്ടും പ്രതീക്ഷ നൽകുന്നത്. പദ്ധതി നടപ്പായാൽ മീനച്ചിലിന് മാത്രമല്ല, കോട്ടയത്തിനാകെ പ്രയോജനപ്പെടും.
വേനലിൽ വറ്റിവരളുന്ന മീനച്ചിൽ താലൂക്കിലെ നിരവധി വില്ലേജുകൾക്ക് പ്രത്യേകിച്ച് കാർഷിക മേഖലക്ക് വൻകുതിപ്പും ജലവിതരണ പദ്ധതികൾക്ക് വലിയ നേട്ടവുമാണ് ഉണ്ടാകുക.വിവിധ ഘട്ട പരിശോധനകൾക്കും ഉന്നതതല പഠന സമിതി റിപ്പോർട്ടുകൾക്കും ശേഷം വിശദ രൂപരേഖ തയാറാക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ ‘വാപ്കോസി’ നെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള പണവും ഏജൻസിക്ക് ലഭ്യമാക്കി കഴിഞ്ഞു.
തൊടുപുഴ, മൂവാറ്റുപുഴ, പിറവം മേഖലയിൽനിന്നുള്ള രാഷ്ടീയ എതിർപ്പുകളാണ് പദ്ധതി നീളാൻ കാരണം. ഇടുക്കി പദ്ധതി ആരംഭിക്കുമ്പോൾ മൂലമറ്റം പവർഹൗസിൽനിന്ന് ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം മീനച്ചിലിലേക്കും മൂവാറ്റുപുഴ ബേസിനിലേക്കും കൊണ്ടുപോകുന്നതിനാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ രണ്ടാം ഘട്ടത്തിലുള്ള മൂവാറ്റുപുഴ പദ്ധതി നടപ്പാക്കാൻ ആ മേഖലയിലുള്ളവർ രാഷ്ട്രീയഭേദമെന്യേ ഒന്നിച്ചുനിന്ന് പ്രയോജനം പതിറ്റാണ്ടുകൾക്കു മുന്നേ നേടിയെടുത്തിരുന്നു. ഈ പദ്ധതിയുടെ ഒരു ഭാഗം കുറവിലങ്ങാട് വഴി കടന്നു വരുന്നുണ്ട്. എന്നാൽ, അന്നത്തെ പാലാ നിയോജക മണ്ഡലത്തിൽ കടത്താതെ കനാൽ രൂപരേഖ ഉണ്ടാക്കി നിർമിച്ചതും ചരിത്രം.
എതിർപ്പുകളും ശക്തം
അടുത്ത കാലത്ത് പദ്ധതിക്കെതിരെ എതിർപ്പുകളും ഉയരുന്നുണ്ട്. മലങ്കര ഡാമിൽനിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂടുമ്പോൾ മൂവാറ്റുപുഴ മേഖലയുടെ താഴ്ന്ന മേഖലയിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ആരോപണം. അവിടുത്തെ ജനപ്രതിനിധികൾ നദീ ജലനിരപ്പ് താഴ്ത്തിനിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. മൂലമറ്റം പവർഹൗസിനോടൊപ്പം സമീപമേഖലയിൽ മറ്റൊരു പവർഹൗസ് കൂടി സ്ഥാപിക്കുന്നതിന് ആലോചന നടന്നുവരികയാണ്. ഇതിനുള്ള പദ്ധതി റിപ്പോർട്ടും വാപ്കോസാണ് തയാറാക്കിയത്. രണ്ടാം പവർഹൗസ് ഉണ്ടായാൽ പുറന്തള്ളുന്ന ജലം ശേഖരിക്കാൻ നിലവിലെ മലങ്കര റിസർവോയറിനും ഡാമിനും കഴിയില്ല.
നേട്ടമേറെ
വേനൽക്കാലത്ത് മീനച്ചിലാറ്റിൽ കിടങ്ങൂരിന് അടുത്തുവരെ ഓരുവെള്ള ഭീഷണിയുണ്ട്. വേനലിൽ നീരൊഴുക്ക് ഉണ്ടായാൽ ഈ പ്രശ്നത്തിന് പരിഹാരം കൂടിയാകും. വേനലിൽ നീരൊഴുക്ക് മുറിയുന്നതോടെ കെട്ടിക്കിടക്കുന്ന വെള്ളം മലിനമാകുകയും മീനച്ചിലാറിനെ ആശ്രയിക്കുന്ന ജലവിതരണ പദ്ധതികളെ ദോഷകരമായി ബാധിക്കുന്നത് പരിഹരിക്കാനും കഴിയും. അതോടൊപ്പം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭ്യമാക്കി വേനൽകാല കൃഷികൾക്ക് അവസരവും ലഭിക്കും.
മീനച്ചിലിെന്റ അവകാശം
മൂലമറ്റം പവർഹൗസിൽനിന്നു പുറന്തള്ളുന്ന ജലം മൂവാറ്റുപുഴ മേഖലക്ക് മാത്രമല്ല, മീനച്ചിലിനും അവകാശപ്പെട്ടതാണ്. കായലിലേക്ക് ഒഴുക്കികളയുന്ന വെള്ളത്തിന്റെ ഒരു ശതമാനം മീനച്ചിലിലേക്ക് വേനൽ മാസങ്ങളിലേക്ക് മാത്രമായി കൊണ്ടുപോകുന്നതിൽ എന്തിനാണ് എതിർപ്പെന്ന് മനസ്സിലാകുന്നില്ല. കോട്ടയം ജില്ലക്ക് മാത്രമാണ് സ്വന്തമായി ഡാമുകളോ ജലസേചന പദ്ധതികളോ ഇല്ലാത്തത്.
മീനച്ചിലാറിന്റെ ഉദ്ഭവസ്ഥാനത്ത് വാഗമൺ വഴിക്കടവിൽ നിർമിച്ചിരിക്കുന്ന മിനി ഡാം വഴി ഇടുക്കി റിസർവോയറിലേക്ക് കൊണ്ടുപോകുന്ന ജലമെങ്കിലും വേനലിൽ മീനച്ചിലിന് തിരികെ ലഭിക്കുവാൻ അവകാശവും അർഹതയും ഉണ്ട് -ജയ്സൺ മാന്തോട്ടം. കൺവീനർ, മീനച്ചിൽ റിവർ വാലി ആക്ഷൻ കമ്മിറ്റി