എസ്.ഐ.ആർ അത്തോളിയിൽ 775 പേർക്ക് ഹിയറിങ് നോട്ടീസ്
text_fieldsഅത്തോളി: എസ്.ഐ.ആറിന്റെ ഭാഗമായി അത്തോളി വില്ലേജിൽ 775 പേർക്ക് ഹിയറിങ്ങിന് ഹാജരാവാൻ ഇലക്ഷൻ കമീഷൻ നോട്ടീസ് നൽകി. ആകെ 967 വോട്ടർമാരുള്ള 197ാം ബൂത്തിലാണ് ഇത്രയധികം പേർക്ക് നോട്ടീസ് ലഭിച്ചത്. എസ്.ഐ.ആർ ഫോറം പൂരിപ്പിച്ചു നൽകിയവരുടെ മാപ്പിങ് ബന്ധപ്പെട്ട ബി.എൽ.ഒ കൃത്യമായി നടത്താത്തതുമൂലമാണ് പ്രതിസന്ധി ഉണ്ടായതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
2002ലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ വേളയിലെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ബൂത്ത് ലെവൽ ഓഫിസർമാർ വോട്ടർമാരുടെ മാപ്പിങ് നടത്തേണ്ടത്. അതിനുവേണ്ടി വീടുകളിൽ എസ്.ഐ.ആർ ഫോറം എത്തിച്ചിരുന്നു. ഈ ഫോറങ്ങൾ 2002ലെ വിശദാംശങ്ങൾ അടക്കം പൂരിപ്പിച്ച് ബി.എൽ.ഒയെ ഏൽപിച്ചതായി വോട്ടർമാർ പറയുന്നു.
എന്നാൽ, ഈ ബൂത്തിലെ 775 പേരുടെയും മാപ്പിങ് നടത്താത്തതുമൂലമാണ് അവർക്ക് വീണ്ടും നോട്ടീസ് നൽകേണ്ടി വന്നത് എന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ഈ മാസം 23 മുതൽ 28 വരെയാണ് ഇവർക്കുള്ള ഹിയറിങ്. ഹിയറിങ്ങിന് രേഖകൾ ഹാജരാക്കുകയും വേണം. നിലവിൽ 197ാം ബൂത്തിൽ 92 പേരുടെ എസ്.ഐ.ആർ. വിവരങ്ങളാണ് കമീഷൻ അംഗീകരിച്ചത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് വീണ്ടും ഹിയറിങ്ങിന് ഹാജരാവാൻ നിർബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കമീഷൻ തന്നെ പ്രത്യേക സംവിധാനം ഒരുക്കണമെന്നുമാണ് വോട്ടർമാർ ആവശ്യപ്പെടുന്നത്.


