റേഷൻ കടകളിൽ ആട്ട വിതരണം തോന്നുംപടി
text_fieldsകോഴിക്കോട്: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ആട്ടയുടെ വില വർധിക്കാനിരിക്കെ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. ഈ മാസം 15 മുതലാണ് ആട്ടയുടെ വില ഒരു രൂപ വർധിക്കുന്നത്. മഞ്ഞ, പിങ്ക് വേര്‍തിരിവില്ലാതെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് കിലോക്ക് ആറില്‍നിന്ന് ഏഴു രൂപയായും പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് എട്ടു രൂപയില്‍നിന്ന് ഒമ്പതു രൂപയായുമാണ് വില കൂട്ടിയത്.
ഗോതമ്പ് പൊടിച്ച് ആട്ടയാക്കുന്നതിനു വരുന്ന ചെലവിനത്തിലാണ് തുക വര്‍ധിപ്പിച്ചത്. മഞ്ഞക്കാർഡ് ഉടമകൾക്ക് രണ്ടു കിലോയും പിങ്ക് കാർഡിന് ഓരോ കിലോയുമാണ് ആട്ട ലഭിക്കുക. 2020 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് വില വര്‍ധിപ്പിച്ചത്.
അതേസമയം, ആട്ട വിതരണം കൃത്യമായി നടക്കാറില്ലെന്ന പരാതിയും ശക്തമാണ്. സംസ്ഥാനത്തെ മിക്ക റേഷന്‍ കടകളിലും എല്ലാമാസവും പകുതിയോടെയാണ് ആട്ട എത്തിക്കുന്നത്. അതിനാല്‍ മാസത്തിന്റെ ആദ്യം റേഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ആട്ട ലഭിക്കാറില്ല. മാസത്തിന്റെ പകുതിയോടെ എത്തുന്ന ആട്ട മാസാവസാനത്തോടെ തീരും. പിന്നീട് വരുന്നവര്‍ക്ക് ആട്ട ലഭിക്കാറില്ല. അതായത് മാസത്തിന്റെ ആദ്യവും അവസാനവും എത്തുന്നവർക്ക് ആട്ട ലഭിക്കാറില്ല. പിന്നീട് ആട്ട മാത്രം വാങ്ങാനായി മിക്കവാറും പേർ റേഷൻ കടകളിൽ എത്താറുമില്ല. വിതരണത്തിന് ആവശ്യമുള്ളതിന്റെ 80 ശതമാനം ആട്ട മാത്രമേ എത്തിക്കുന്നുള്ളൂവെന്നാണാണ് റേഷൻ വ്യാപാരികളുടെ പരാതി.
കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് ഗോതമ്പും ആട്ടയും കലർത്തിയാണ് വിതരണം ചെയ്യുന്നത്. അതായത് ഒരു പിങ്ക് കാർഡ് ഉടമയുടെ കുടുംബത്തിൽ അഞ്ച് അംഗങ്ങളുണ്ടെങ്കിൽ മൂന്നു കിലോ ആട്ടയും രണ്ടു കിലോ ഗോതമ്പുമാണ് ലഭിക്കുക. എന്നാൽ, ഉപഭോക്താക്കൾ റേഷൻ കടയിലെത്തുന്ന സമയം കടയിൽ ആട്ട സ്റ്റോക്കില്ലെങ്കിൽ ഇവർക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ഗോതമ്പ് സ്റ്റോക്കുണ്ടെങ്കിൽ പോലും വാങ്ങാൻ കഴിയില്ല.
ഇ-പോസ് മെഷീനിൽ അത്തരത്തിൽ ഓപ്ഷൻ ഇല്ലാത്തതിനാലാണിത്. ഗോതമ്പ് വാങ്ങിക്കാൻ കഴിയാത്തതിനാൽ ഉപഭോക്താക്കൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ഗോതമ്പ് മാത്രം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അതിന് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇ-പോസ് മെഷീനിൽ ഇതിനാവശ്യമായ മാറ്റംവരുത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.