പണമോ നഷ്ടം; ഗുണമോ തുച്ഛം, ഞെളിയൻപറമ്പ് എന്ന വെള്ളാന
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ അധീനതയിലുള്ള ജില്ലയിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ കേന്ദ്രമായ ഞെളിയൻപറമ്പിലെ മാലിന്യം നീക്കം ചെയ്തശേഷം 6.5 ഏക്കർ സ്ഥലം വീണ്ടെടുത്ത് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിക്കാനുള്ള പദ്ധതി പൂർണ പരാജയമെന്ന് ഓഡിറ്റ് റിപ്പോർട്ട്. 3.96 കോടി രൂപ ചെലവഴിച്ചിട്ടും പൈതൃക മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാനായില്ലെന്നും 2023-24 വർഷത്തെ ലോക്കൽ ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഞെളിയൻപറമ്പിൽ കോർപറേഷന്റെ 12.66 ഏക്കർ സ്ഥലത്ത് അഞ്ച് മെഗാവാട്ട് ശേഷിയുള്ള കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനെയാണ് (കെ.എസ്.ഐ.ഡി.സി) നോഡൽ ഏജൻസിയായി നിയമിച്ചത്. ഇതിനു മുന്നോടിയായാണ് ഇവിടെയുള്ള മാലിന്യം നീക്കംചെയ്യാൻ സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2019 ഡിസംബറിൽ കരാർ നൽകിയത്.
ഞെളിയൻപറമ്പിലെ 1.30 ലക്ഷം ക്യുബിക് മീറ്റർ മാലിന്യത്തിൽ 70000 ക്യുബിക് മീറ്റർ മാലിന്യം ബയോമൈനിങ് ചെയ്യുന്നതിനും 60000 ക്യുബിക് മീറ്റർ മാലിന്യം ക്യാപ്പിങ് ചെയ്യുന്നതിനുമായിരുന്നു കരാർ. യഥാക്രമം 7.70 കോടി, 92.40 ലക്ഷം രൂപ തോതിൽ മൊത്തം 8.62 കോടി രൂപയുടെതായിരുന്നു കരാർ. ഒരു വർഷംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കി 6.5 ഏക്കർ സ്ഥലം വീണ്ടെടുത്ത് നഗരസഭക്ക് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, 48 മാസം (2024 ഡിസംബർ) പിന്നിട്ടിട്ടും പദ്ധതി പൂർത്തീകരിച്ചില്ല. ഓരോ വർഷവും കമ്പനി നിസ്സാര കാരണങ്ങൾ പറഞ്ഞ് സമയം നീട്ടി ചോദിക്കുകയും കോർപറേഷൻ അനുവദിക്കുകയും ചെയ്തു. കമ്പനിക്ക് ഈ കാലയളവിൽ 3.96 കോടി രൂപ കൈമാറിയിട്ടുമുണ്ട്.
മാലിന്യം ബയോമൈനിങ് ചെയ്ത് 5.05 ഏക്കർ സ്ഥലം വീണ്ടെടുത്തതായി കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും മൈനിങ്ങിന്റെ ബൈപ്രോഡക്ട് നീക്കം ചെയ്തതെങ്ങനെയാണെന്നും എത്ര അളവിലുള്ള മാലിന്യം ബയോമൈനിങ്ങിന് വിധേയമാക്കി എന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 60000 ക്യുബിക് മീറ്റർ ക്യാപ്പിങ് നടത്തേണ്ട സ്ഥാനത്ത് 108000 ക്യുബിക് മീറ്റർ നടത്തിയതായി എ.ഇ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അധികമുള്ള 48000 ക്യുബിക് മീറ്റർ മാലിന്യം ബയോമൈനിങ് ചെയ്യേണ്ടതിനുപകരം ക്യാപ്പിങ്ങിന് വിധേയമാക്കിയതാണെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. ക്യാപ്പിങ് ഏരിയക്ക് മുകളിലായി 14000 ചതുരശ്ര മീറ്ററിൽ ജിയോനെറ്റ്, എച്ച്.ഡി.പി.ഇ ലൈനർ, ജിയോടെക്സ്റ്റയിൽ എന്നിവ വിരിച്ചശേഷം മണ്ണുനിറച്ച് സൂക്ഷിക്കേണ്ടതാണെങ്കിലും ഈ പ്രവൃത്തി ചെയ്തിട്ടില്ല. കരാർ പ്രകാരം നിർമിക്കേണ്ട ചുറ്റുമതിൽ, ഡ്രെയിനേജ്, റോഡ് എന്നിവയും നിർമിച്ചിട്ടില്ല.
ഇതിനാൽ മഴയിൽ മാലിന്യം കലർന്ന വെള്ളം ഒലിച്ചിറങ്ങി പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഇതൊഴിവാക്കാൻ ക്യാപ്പിങ് ഏരിയ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടുന്നതിന് ഓരോ വർഷവും ഭീമമായ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്. 21.50 ലക്ഷം രൂപ 2023-24ൽ കോർപറേഷന് ഈ ഇനത്തിൽ ചെലവായതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യം കൈവരിക്കാത്തതിനാൽ കോർപറേഷന് 3.96 കോടി രൂപ അനാവശ്യ ചെലവായി മാറിയെന്നും പദ്ധതി പൂർണ പരാജയമാണെന്നും ഓഡിറ്റ് വിലയിരുത്തുന്നു.