എളമരം പാലം വഴി സ്വകാര്യ ബസ് സർവിസിന് അധികൃതർക്ക് നിസ്സംഗത
text_fieldsമാവൂർ: എളമരം പാലം തുറന്ന് രണ്ടര വർഷം കഴിഞ്ഞിട്ടും സ്വകാര്യ ബസ് സർവിസ് അനുവദിക്കുന്നതിൽ വിമുഖത കാണിച്ച് അധികൃതർ. സ്വകാര്യ ബസുകൾ പെർമിറ്റിന് അപേക്ഷിച്ചിട്ടും നൽകാൻ മടിക്കുകയാണ് ഇരു ജില്ലകളിലെയും ആർ.ടി.ഒ അടക്കമുള്ളവർ. നിലവിൽ ഒരു സ്വകാര്യ ബസാണ് സർവിസ് നടത്തുന്നത്. ഒരു സ്വകാര്യ ബസിന് താൽക്കാലിക സർവിസ് അനുവദിച്ചിട്ടുണ്ടെങ്കിലും ബ്രേക്കിന് പോയതിനാൽ ഇപ്പോൾ ഓടുന്നില്ല.
എടവണ്ണപ്പാറയിൽനിന്ന് കോഴിക്കോട്ടേക്ക് മറ്റൊരു സ്വകാര്യ ബസിനും താൽക്കാലിക പെർമിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് പാലത്തിലൂടെ സർവിസ് നടത്തുന്നത്. പല കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് നൽകാതിരിക്കുകയാണ് അധികൃതർ. വിവരാവകാശപ്രകാരം ചോദിച്ചപ്പോൾ മാസങ്ങൾക്കുശേഷം കിട്ടിയ മറുപടിയും തെറ്റിദ്ധരിപ്പിക്കുംവിധമായിരുന്നു.
കെ.എസ്.ആർ.ടി.സിയുടെ പാലക്കാട്, മലപ്പുറം, നിലമ്പൂർ സർവിസുകൾക്കും ‘ഗ്രാമവണ്ടി’ക്കും പുറമെ ധാരാളം സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് നൽകിയ മറുപടിയിൽ പറഞ്ഞത്. സ്വകാര്യ ബസ് ലോബിയുടെ സമ്മർദമാണ് അധികൃതരുടെ നിസ്സംഗതക്ക് കാരണമെന്ന് ആരോപണമുണ്ട്.
എളമരം പാലം വഴി കൂടുതൽ സർവിസുകൾ വന്നാൽ മറ്റ് ചില റൂട്ടുകളിലെ സർവിസുകളെ ബാധിക്കുമെന്നതിനാലാണിത്. കൂടാതെ, ചില സ്വകാര്യ ബസുകൾ താൽക്കാലിക പെർമിറ്റ് വാങ്ങുന്നതും പിന്നീട് ഓടാതിരിക്കുന്നതും സ്ഥിരം പെർമിറ്റ് അനുവദിക്കുന്നതിന് തടസ്സമാകുന്നുണ്ട്. സ്ഥിരം പെർമിറ്റ് അനുവദിക്കാതിരിക്കാനുള്ള ബസുടമകളുടെ തന്ത്രമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.