ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷമുള്ള ചികിത്സ നിലച്ചു
text_fieldsആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം
ആയഞ്ചേരി: കടമേരിയിൽ പ്രവർത്തിക്കുന്ന ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷം ഡോക്ടറില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. മൂന്നാഴ്ചയോളമായി ഉച്ചക്കുശേഷമുള്ള ഡോക്ടറുടെ സേവനം നിലച്ചിട്ട്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരത്തേയുണ്ടായിരുന്ന താൽക്കാലിക ഡോക്ടർ വിദേശത്തേക്ക് പോയതാണ് ഉച്ചക്കുശേഷമുള്ള ചികിത്സ നിർത്താൻ കാരണം. ഒരു താൽക്കാലിക ഡോക്ടറും മെഡിക്കൽ ഓഫിസറുമുൾപ്പെടെ മൂന്നു ഡോക്ടർമാരുടെ സേവനമാണ് നേരത്തേയുണ്ടായിരുന്നത്. താൽക്കാലിക ഡോക്ടർക്കും പകരം മറ്റൊരു ഡോക്ടറെ കണ്ടെത്തി നിയമിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇത് കാരണം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി ഉച്ചവരെയായി പരിമിതപ്പെടുത്തുകയാണുണ്ടായത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ദിവസവും നൂറിൽപരം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
പകർച്ചപ്പനി, മഞ്ഞപ്പിത്തം എന്നിവ വ്യാപകമായതോടെ രോഗികളുടെ എണ്ണത്തിലും വൻ വർധനയാണ്. ഉച്ചക്കുശേഷമുള്ള ഒ.പി ഇല്ലാത്തതിനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റിയെന്നും ആശുപത്രിയുടെ ചുമതലയുള്ള പഞ്ചായത്ത് ഇടപെട്ട് എത്രയും പെട്ടെന്ന് ഡോക്ടറെ നിയമിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഡോക്ടറെ ഉടൻ നിയമിക്കും
ആയഞ്ചേരി: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉച്ചക്കുശേഷമുള്ള ചികിത്സ നിലക്കാൻ കാരണമായത് നേരത്തേ നിയമിച്ച താൽക്കാലിക ഡോക്ടർ രാജിവെച്ചതിനാലാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് പറഞ്ഞു. എംപ്ലോയിമെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് നിയമനം നടത്തണമെന്ന നിബന്ധന പാലിക്കേണ്ടതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ അഭിമുഖം നടത്തി താൽക്കാലിക ഡോക്ടറെ നിയമിച്ച് ഉച്ചക്കുശേഷമുള്ള ചികിത്സ പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.