കോട്ടപ്പള്ളിയിൽ സമാന്തര റോഡ് നിർമാണം തുടങ്ങി; കനാൽ പാലം പൊളിക്കും
text_fieldsകോട്ടപ്പള്ളി പാലം പൊളിച്ചു മാറ്റുന്നതിന് മുന്നോടിയായി സമാന്തര പാത നിർമിക്കുന്നു
ആയഞ്ചേരി: ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കോട്ടപ്പള്ളിയിലെ കനാൽ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.
നിലവിലെ ഗതാഗതം വഴിതിരിച്ചുവിടുന്നതിനായി പാലത്തിന് സമീപം സമാന്തര പാതയുടെ നിർമാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വടകര-മാഹി കനാലിന് കുറുകെയുള്ള ഈ പാലം വടകരയെ കുറ്റ്യാടിയുമായി ബന്ധിപ്പിക്കുന്ന കാവിൽ - തീക്കുനി - കുറ്റ്യാടി പ്രധാന പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
നിലവിൽ 11 മീറ്റർ മാത്രമുള്ള കനാലിന്റെ വീതി 32 മീറ്ററായി വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി 17.65 കോടി രൂപ ചെലവിൽ പുതിയ ആർച്ച് പാലം നിർമിക്കുന്നു. സമാന്തര റോഡ് നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക്, നിലവിലെ പഴയ പാലം പൊളിച്ചുമാറ്റുകയും പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കുകയും ചെയ്യും. നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരാർ നൽകിയിരിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിക്കാണ്.


