തറോപ്പൊയിലിൽ തീപിടിത്തം; വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു
text_fieldsതറോപ്പൊയിലിൽ തീപിടിച്ച കോറോത്ത് ആയിഷയുടെ
വീടിന്റെ അടുക്കള ഭാഗം
ആയഞ്ചേരി: തറോപ്പൊയിൽ മുക്കിൽ വീടിനോട് ചേർന്നുള്ള തേങ്ങ കൂടയും അടുക്കളയുടെ ഒരു ഭാഗവും കത്തി നശിച്ചു. കോറോത്ത് ആയിശയുടെ വീടിന്റെ അടുക്കള ഭാഗവും തേങ്ങാക്കൂടയുമാണ് പൂർണമായും കത്തിനശിച്ചത്.
ശനിയാഴ്ച ഉച്ചയോടെ അടുക്കള ഭാഗത്ത് പുകയില്ലാത്ത അടുപ്പിന്റെ കുഴലിനുള്ളിൽ നിന്ന് മുകളിലുള്ള തേങ്ങാക്കൂടയിലേക്ക് തീക്കനൽ ഉയർന്നാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. തുടർന്ന് വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. വടകരയിൽ നിന്നെത്തിയ അഗ്നി രക്ഷ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ ആളപായമില്ലാതെ ഒഴിവായി.
3000ത്തോളം തേങ്ങ, 10 ചാക്ക് അടക്ക, ഫ്രിഡ്ജ് വൈദ്യുതി ഉപകരണങ്ങൾ, വയറിങ്, പ്ലമ്പിങ് ഉപകരണം, വസ്ത്രങ്ങൾ വീട്ടുപകരണങ്ങൾ എന്നിവയും കത്തിനശിച്ചു. ഏകദേശം ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീ അണക്കുന്നതിനിടയിൽ വീട്ടുകാരനായ സജാദിന് കാലിനും കൈക്കും പൊള്ളലേറ്റു. നാട്ടുകാരുടെ സന്ദർഭോചിത ഇടപെടലാണ് തീയണക്കാൻ സഹായകമായത്. യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് ശഫീഖ് തറോപ്പൊയിലിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ്, പഞ്ചായത്തംഗം ലിസ പുനയങ്കോട്ട്, സി.പി.എം ആയഞ്ചേരി ലോക്കൽ സെക്രട്ടറി കെ. സോമൻ, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല തുടങ്ങിയവർ വീട് സന്ദർശിച്ചു.