ബൂത്തിന്റെ താക്കോൽ കിട്ടിയില്ല; വള്ളിയാട് സ്കൂൾ തുറക്കാൻ പൂട്ടുപൊളിച്ചു
text_fieldsവള്ളിയാട് യു.പി സ്കൂൾ തുറക്കാൻ താക്കോൽ ലഭ്യമാകാത്തതിനെ തുടർന്ന് വിദ്യാർഥികൾ പുറത്ത് കാത്തുനിൽക്കുന്നു
ആയഞ്ചേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ബൂത്തായി പ്രവർത്തിച്ച തിരുവള്ളൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് വള്ളിയാട് യു.പി സ്കൂൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ തുറക്കാൻ താക്കോൽ ലഭ്യമാകാത്തതിനെ തുടർന്ന് പൂട്ടുപൊളിച്ച് കുട്ടികളെ അകത്ത് പ്രവേശിപ്പിക്കേണ്ടിവന്നു. പഞ്ചായത്ത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമായതെന്നും ഇതിനെതിരെ സ്കൂൾ പി.ടി.എ പ്രതിഷേധം അറിയിച്ചതായും സ്കൂൾ അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ സ്കൂളിലെത്തിയ അധ്യാപകർക്ക് സ്കൂളിന്റെ താക്കോൽ ലഭിച്ചിരുന്നില്ല. ഉടൻതന്നെ ഇവർ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും താക്കോൽ റിട്ടേണിങ് ഓഫിസറുടെ പക്കലാണ് എന്നും അവരെ ബന്ധപ്പെടാനുമാണ് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി വിട്ടുനൽകിയ കെട്ടിടം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം സ്കൂൾ അധികൃതർക്ക് കൃത്യസമയത്ത് തുറന്നു നൽകേണ്ട പ്രാഥമിക ഉത്തരവാദിത്തത്തിൽനിന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറിയതാണ് ഈ ദുരവസ്ഥക്ക് കാരണം. വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷത്തെ പോലും ബാധിച്ച പഞ്ചായത്തിന്റെ ഈ അലംഭാവത്തിൽ സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ഉന്നത അധികാരികൾക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.


