വില്യാപ്പള്ളി-ആയഞ്ചേരി റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക്
text_fieldsആയഞ്ചേരി-വില്യാപ്പള്ളി റോഡ്
ആയഞ്ചേരി: വില്യാപ്പള്ളി-ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെ മുതൽ വള്ള്യാട് വരെ വരുന്ന ഭാഗത്ത് റോഡിന്റെ പാർശ്വഭാഗം കെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപകൂടി ഭരണാനുമതി ലഭിച്ചതായി കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി അറിയിച്ചു. നിലവിൽ 2.27 കോടി രൂപയുടെ രണ്ടാം റീച്ച് പ്രവൃത്തിയും രണ്ടു കോടി രൂപയുടെ അവസാന റീച്ച് പ്രവൃത്തിയും പൂർത്തിയാകുന്നതോടെ വില്യാപ്പള്ളി-ആയഞ്ചേരി റോഡ് പൂർണമായും ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയരും.
പാതയുടെ രണ്ടാംഘട്ട പ്രവൃത്തി നടക്കുന്ന ഭാഗത്ത് വയലുകളുള്ളതിനാൽ റോഡ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഈ പദ്ധതിക്ക് അനുമതി ലഭിച്ചത്. വയൽ, റോഡുമായി ബന്ധപ്പെടുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പിൽനിന്നും അനുമതി ലഭിച്ചത്. വില്യാപ്പള്ളിയിൽനിന്ന് ആരംഭിക്കുന്ന ഒന്നാം റീച്ചിൽ 1.25 കോടി രൂപയുടെ ബി.സി ഓവർലേ പ്രവൃത്തിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഈ പ്രവൃത്തിയുടെ ഭാഗമായി ഒന്നാം റീച്ചിലെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാലും നിർമിക്കും. പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ലഭിച്ച 5.77 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയരും.