എയിംസ്; പ്രതീക്ഷ കൈവിടാതെ കിനാലൂർ പ്രദേശവാസികൾ
text_fieldsകിനാലൂരിൽ എയിംസിനായി കണ്ടെത്തിയ വ്യവസായ വകുപ്പിനു കീഴിലെ ഭൂമി
ബാലുശ്ശേരി: എയിംസ് പ്രതീക്ഷ കൈവിടാതെ കിനാലൂർ നിവാസികൾ. കിനാലൂരിൽ ഭൂമിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും കേരളത്തിൽ എയിംസ് അനുവദിക്കാനുള്ള തീരുമാനം നീണ്ടുപോവുകയാണ്. കിനാലൂരിനെതിരെയുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ പ്രതിഷേധമുയരുമ്പോഴും കിനാലൂർ പ്രദേശവാസികളും ബി.ജെ.പി ജില്ല-പ്രാദേശിക നേതൃത്വവും കിനാലൂരിലെ എയിംസ് പ്രതീക്ഷയിൽ നിലകൊള്ളുകയാണ്. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014ലാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ പ്രസ്താവിച്ചത്.
എന്നാൽ, പതിറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തിന്റെ എയിംസ് എന്ന സ്വപ്നം ഇപ്പോഴും കടലാസിലാണ്. എയിംസിനു വേണ്ട മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംസ്ഥാന സർക്കാർ കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്തത്. ഇതിൽ 150 ഏക്കർ നേരത്തെ തന്നെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഭാവി വികസനവും കൂടി കണക്കിലെടുത്ത് 100.48 ഏക്കർ (40.68 ഹെക്ടർ) ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായിരിക്കയാണ്.
ഭൂമി ഏറ്റെടുക്കലിനായി 92.62 ലക്ഷം രൂപ വകയിരുത്തുകയും പ്രാഥമിക ചെലവുകൾക്കായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിൽ കിനാലൂർ വില്ലേജിലെ 22.42 ഹെക്ടർ ഭൂമിയിലെ മുഴുവൻ ഫീൽഡിലും സർവെ സബ്ഡിവിഷൻ നടപടികൾ പൂർത്തിയാക്കി അംഗീകാരം ലഭിച്ചിട്ടുണ്ട്. കാന്തലാട് വില്ലേജിലെ 18.25 ഹെക്ടർ ഭൂമിയിൽ അഞ്ച് ഫീൽഡുകളിലെ സബ്ഡിവിഷൻ റെക്കാർഡുകൾ ഇനിയും തയാറായിട്ടില്ല. ഭൂമിയേറ്റെടുക്കലിനു പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാൽ ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. അതുകൊണ്ടു തന്നെ ഭൂമിനൽകിയ വ്യക്തികൾക്ക് ആശങ്കയുണ്ട്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവും കിനാലൂർ സന്ദർശിച്ച് അനുയോജ്യമാണെന്ന് നേരത്തെ തന്നെ പ്രസ്താവിച്ചതാണ്.
ഇതിനു ശേഷമായിരുന്നു ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്ന് മുന്നണികളുടെയും പ്രധാന വാഗ്ദാനങ്ങളിലൊന്ന് എയിംസ് കിനാലൂരിൽ സ്ഥാപിക്കാനുള്ള നടപടി എടുക്കുമെന്നായിരുന്നു. എയിംസ് പ്രഖ്യാപനമുണ്ടായാലും ഇല്ലെങ്കിലും കോഴിക്കോട്ടെ കിനാലൂരിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നായിരുന്നു സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞതും.
കിനാലൂരിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കയാണ്. കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ എയിംസിന്റെ വരവോടെ സാധ്യമാകുകയാണെങ്കിൽ കാസർഗോഡ് സ്ഥാപിക്കുകയാണ് നല്ലതെന്നും അതിനുള്ള സ്ഥലം നൽകാൻ പിണറായി സർക്കാർ തയാറാകണമെന്നുമാണ് സുരേഷ് ഗോപി ആദ്യം പറഞ്ഞിരുന്നത്.
ഇപ്പോൾ ആലപ്പുഴക്കുവേണ്ടി എയിംസ് സ്ഥാപിക്കണമെന്നാവശ്യമാണ് ഉന്നയിക്കുന്നത്. ഇതിനെതിരെ സ്വന്തം പാർട്ടിയിലെ ഒരു വിഭാഗവും വിമർശനമുന്നയിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നിർദേശിക്കുന്ന സ്ഥലത്ത് കേന്ദ്രം എയിംസ് അനുവദിക്കുന്ന രീതിയാണ് നിലവിലുള്ളത്. എയിംസിനു വേണ്ട മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാത്രമാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതിനൊന്നും ഒരു അപാകതയുമില്ലാതെയാണ് കിനാലൂരിൽ സർക്കാർ ഭൂമി കണ്ടെത്തി ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുള്ളതും.


