ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂര പുനഃസ്ഥാപിച്ചില്ല; യാത്രക്കാർ പൊരിവെയിലിൽ
text_fieldsകോക്കല്ലൂർ അങ്ങാടിയിലെ മേൽക്കൂര തകർന്ന കാത്തിരിപ്പ് കേന്ദ്രത്തിൽ വെയിലുകൊണ്ട് യാത്രക്കാർ ബസ് കാത്തിരിക്കുന്നു
ബാലുശ്ശേരി: സംസ്ഥാന പാതയിൽ കോക്കല്ലൂർ അങ്ങാടിയിലെ പ്രധാന ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കുര തകർന്നിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും തകർന്ന മേൽക്കൂര പുന:സ്ഥാപിക്കാൻ പൊതുമരാമത്ത് അധികൃതർ തയാറായിട്ടില്ല. വാഹനം ഇടിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നത്. ഇരിക്കാനുള്ള ഇരിപ്പിടമുണ്ടെങ്കിലും കനത്ത വെയിലിൽ ഇതിലാരും ഇരിക്കാൻ തയാറാകാറില്ല. തൊട്ടടുത്ത കടക്ക് മുമ്പിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്. സ്കൂൾ തുറക്കുന്നതിനു മുമ്പെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


