ഉന്നതിയിലുള്ളവർക്ക് കുടിവെള്ളം കിട്ടാക്കനി
text_fieldsമണിച്ചേരി ഉന്നതിയിലെ സ്ത്രീകൾ കുടിവെള്ളം പാത്രത്തിൽ തലച്ചുമടായി എത്തിക്കുന്നു
ബാലുശ്ശേരി: വയലട മണിച്ചേരി ആദിവാസി ഉന്നതിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനി. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട മണിച്ചേരി പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1,500 അടി ഉയരത്തിലാണ്. ഉന്നതിയിൽ മൂന്നു കുടുംബങ്ങളാണ് താമസിക്കുന്നതെങ്കിലും ഇവർക്ക് കുടിവെള്ളം കിട്ടണമെങ്കിൽ കിലോമീറ്ററോളം സഞ്ചരിക്കണം. 2015-ലാണ് ട്രൈബൽ പദ്ധതിയിൽ ഉൾപ്പെടുത്തി മണിച്ചേരിയിൽ മൂന്നു വീടുകൾ നിർമിച്ചത്. മൂന്നു വീടുകളിലുമായി 25ഓളം അംഗങ്ങൾ താമസിക്കുന്നുണ്ട്.
കുടിവെള്ളത്തിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് കിലോമീറ്ററോളം പൈപ്പിട്ട് ഉന്നതിക്ക് താഴെ വെള്ളമെത്തിച്ച് അവിടെ നിന്ന് വലിയ പാത്രത്തിൽ തലച്ചുമടായി വീട്ടിലെത്തിക്കുകയാണ്. വേനലാകുന്നതോടെ കുടിവെള്ള വിതരണവും സ്തംഭിക്കും. പിന്നെ കിലോമീറ്ററുകൾ താണ്ടി വേണം വെള്ളമെത്തിക്കാൻ.
കുഴൽ കിണർ നിർമിക്കാൻ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചതല്ലാതെ നടപ്പാക്കിയില്ല. ജൽജീവൻ പദ്ധതിയും എത്തിയിട്ടില്ല. ആറുലക്ഷം രൂപ ചെലവിട്ട് നിർമിച്ച വീടുകൾക്ക് വഴിയുമില്ല. പ്ലസ്ടു പഠിക്കുന്നതടക്കം വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ ഏറെ പ്രയാസപ്പെടേണ്ടതുണ്ട്. ഇവിടുത്തെ കുടുംബങ്ങളെ മുതുകാട് വനത്തിലേക്ക് മാറ്റി പാർപ്പിച്ചിരുന്നെങ്കിലും പണിയില്ലാത്തതിനാൽ ചിലർ മണിച്ചേരിയിലേക്ക് തിരിച്ചുവന്നു.