Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightവികസന പ്രവർത്തനങ്ങളുടെ...

വികസന പ്രവർത്തനങ്ങളുടെ ബലത്തിൽ എൽ.ഡി.എഫ്; വികസനമുരടിപ്പെന്ന് യു.ഡി.എഫ്

text_fields
bookmark_border
വികസന പ്രവർത്തനങ്ങളുടെ ബലത്തിൽ എൽ.ഡി.എഫ്; വികസനമുരടിപ്പെന്ന് യു.ഡി.എഫ്
cancel

ബാലുശ്ശേരി: മറ്റൊരു പക്ഷം ചേരാതെ ഇടതുപക്ഷത്തോടൊപ്പം ഇക്കാലമത്രയും ഉറച്ചുനിന്ന മണ്ഡലമാണ് ബാലുശ്ശേരി. ജില്ലയിലെ ഇടതുപക്ഷത്തിന്‍റെ ഉറച്ച മണ്ഡലമെന്ന ഖ്യാതിയും ബാലുശ്ശേരിക്കുണ്ട്. 1957ൽ മണ്ഡലം രൂപീകൃതമായ കാലം മുതൽ ബാലുശ്ശേരിക്ക് ഇടതുപക്ഷ ചായ് വുണ്ട്. കോൺഗ്രസ്സിലെ ഇ. രാഘവൻ നായരെ തോൽപ്പിച്ചായിരുന്നു പി.എസ്.പിയിലെ എം. നാരായണക്കുറുപ്പ് മണ്ഡലത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ പി.എസ്.പിയുടെയും എസ്.എസ്.പിയുടെയും സ്ഥാനാർത്ഥികൾ വിജയം കണ്ടു.

ഇതിനൊരു മാറ്റം വന്നത് 1970ൽ കോൺഗ്രസ്സ് സ്ഥാനാർഥിയായി എ.സി. ഷൺമുഖദാസ് വിജയിച്ചതോടെയായിരുന്നു. എന്നാൽ, 1977 മുതൽ മണ്ഡലം വീണ്ടും ഇടതുപക്ഷ ചായ് വിലേക്കു തന്നെ തിരിഞ്ഞു. 1980ൽ ഷൺമുഖദാസ് കോൺഗ്രസ്സ് - യു സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയും പിന്നീടങ്ങോട്ട് ഷൺമുഖദാസ് ഇടതുപക്ഷക്കാരനായി തന്നെ മണ്ഡലത്തിൽ തുടർച്ചയായി ഏഴ് തവണ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2006ൽ ഏ.കെ ശശീന്ദ്രൻ ഒരു തവണയും വിജയിച്ചു. 2011 മുതൽ പട്ടികജാതി സംവരണ മണ്ഡലമായതോടെ സി.പി.എം ഏറ്റെടുക്കുകയായിരുന്നു.

പുരുഷൻ കടലുണ്ടി രണ്ടുതവണയായി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2021ൽ കെ.എം. സചിൻ ദേവ് എം.എൽ.എ 20,327 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് സ്ഥാനാർഥി ധർമ്മജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തിയാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഇത്തവണയും കെ.എം. സചിൻദേവിനെ തന്നെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സര രംഗത്തിത്തിറക്കാനാണ് തീരുമാനം.

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പറഞ്ഞ് എൽ.ഡി.എഫ്

കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വികസന പ്രവർത്തനങ്ങളുടെ ബലത്തിൽ മണ്ഡലം അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് രംഗത്തിറങ്ങുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം, റോഡ് വികസനം എന്നീ മേഖലകളിലായി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കെ.എം. സചിൻ ദേവ് എം.എൽ എ പറയുന്നു.

1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ നടന്നത്. വിദ്യാഭ്യാസ മേഖലയിൽ 36.65 കോടി രൂപയാണ് ചെലവാക്കിയത്. ഗവ. കോളജ് വികസനത്തിനായി 17 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത നവീകരണം, കൂരാച്ചുണ്ട് -തലയാട് മലയോര ഹൈവേ നിർമാണം, പാലങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവക്കായി 500 കോടിയിലധികം രൂപയാണ് ചെലവാക്കിയിട്ടുള്ളത്.

ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾക്കായി 47.36 കോടി രൂപയാണ് ചെലവഴിച്ചത്. ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിക്കു വേണ്ടി 23 കോടി രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം നിർമിച്ചിട്ടുണ്ട്. ഗവ.ആയുർവേദ ആശുപത്രികൾക്കും, സബ് സെന്‍ററുകൾക്കും കെട്ടിട നിർമാണം പൂർത്തിയാക്കി. 15 കോടി ചെലവിൽ ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പണി നടക്കുകയാണ്. ആറ് വില്ലേജ് ഓഫിസുകൾ സ്മാർട്ട് വില്ലേജ് ഓഫിസുകളായി മാറ്റി.

ബാലുശ്ശേരി,കൂരാച്ചുണ്ട്, പനങ്ങാട്, കോട്ടൂർ പഞ്ചായത്തുകളിലെ പട്ടികജാതി/വർഗ്ഗ ഉന്നതികളിൽ അംബേദ്കർ ഗ്രാമം പദ്ധതി,മണ്ഡലത്തിലെ പ്രധാന ജലസ്രോതസായ മഞ്ഞപ്പുഴ -രാമൻ പുഴ പുനരുജ്ജീവന പദ്ധതി, 10 കോടി ചെലവിൽ നടുവണ്ണൂർ വോളി അക്കാദമി, 13. 22 കോടി ചെലവിട്ട ടൂറിസം കോറിഡോർ പദ്ധതി, 19 കോടിയുടെ കല്ലാനോട് ഫിഷ് ഹാച്ചറി എന്നിവയും ബാലുശ്ശേരി ബൈപാസിന്‍റെ സ്ഥലം ഏറ്റെടുക്കലിനായി 11.55 കോടിയും അനുവദിച്ചിട്ടുണ്ട്. എയിംസിനായി കിനാലൂരിൽ ഭൂമി ഏറ്റെടുത്ത് നടപടി പൂർത്തിയാക്കി.

മുരടിപ്പെന്ന് യു.ഡി.എഫ്

എന്നാൽ, മണ്ഡലത്തിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ ഈ അഞ്ച് വർഷക്കാലം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നത്. 2015 ൽ യു.ഡി.എഫ് ഭരണകാലത്ത് അനുവദിച്ച ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ബാലുശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അതും യാഥാർഥ്യമായില്ല. ടൂറിസം കോറിഡോർ പദ്ധതിയിൽ ലക്ഷങ്ങൾ ചെലവാക്കിയതല്ലാതെ വിനോദ സഞ്ചാരികൾക്ക് പ്രാഥമികകൃത്യങ്ങൾക്കു പോലും സൗകര്യമില്ലാത്ത അവസ്ഥയുണ്ട്.

താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആവശ്യമായ ഡോക്ടറോ സ്റ്റാഫോ ഇനിയും ഉണ്ടായിട്ടില്ല കെട്ടിടം മാത്രമാണ് ഉയർന്നത്. പ്രസവത്തിനായി സ്ത്രീകൾക്ക് ഇപ്പോഴും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കണം. മണ്ഡലത്തിൽ നിലവിലുണ്ടായിരുന്ന വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ കഴിഞ്ഞിട്ടില്ല. മണ്ഡലത്തിൽ കോടതി, ഐ.ടി.ഐ എന്നിവ സ്ഥാപിക്കാനാവശ്യമായ നടപടിയും ഉണ്ടായിട്ടില്ല. റോഡ് വികസനത്തിനപ്പുറം മറ്റ് മേഖലകളെല്ലാം വികസനമുരടിപ്പിലാണെന്നാണ് യു.ഡി.എഫ് പറയുന്നത്.

സച്ചിൻദേവ് ഇറങ്ങി;യു.ഡി.എഫിന് ആര്?

ബാലുശേരി, പനങ്ങാട്, കോട്ടൂർ, കുരാച്ചുണ്ട്, കായണ്ണ, നടുവണ്ണൂർ, ഉള്ളിയേരി, അത്തോളി,ഉണ്ണികുളം എന്നീ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കായണ്ണ, പനങ്ങാട്, ഉള്ളിയേരി, അത്തോളി പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പവും ഉണ്ണികുളം, കൂരാച്ചുണ്ട്, നടുവണ്ണൂർ, ബാലുശേരി, കോട്ടൂർ പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പവുമാണ്.

ഇടതിനൊപ്പമുണ്ടായിരുന്ന മൂന്നു പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. സിറ്റിങ്ങ് എം.എൽ.എ കെ.എം സച്ചിൻ ദേവ് തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തുവരുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ല. കെ.എസ്.യു ജില്ല പ്രസിഡന്‍റ് വി.ടി സൂരജിന്‍റെ പേരാണ് ഉയർന്നുവന്നിട്ടുള്ളത്.

മുസ് ലിം ലീഗിന് ബാലുശ്ശേരി സീറ്റ് വിട്ടുനൽകുകയാണെങ്കിൽ യു.സി. രാമനെ സ്ഥാനാർഥിയാക്കാനും സാധ്യതയുണ്ട്. യു.സി രാമൻ 2016ൽ പുരുഷൻ കടലുണ്ടിയോട് 15464 വോട്ടിന് ബാലുശ്ശേരിയിൽ പരാജയപ്പെട്ടതാണ്. 2,28,096 വോട്ടർമാരാണ് ബാലുശ്ശേരി മണ്ഡലത്തിലുള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ1,17,199. പുരുഷ വോട്ടർ മാർ- 1,10,895. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ രണ്ട് വോട്ടർമാരുമുണ്ട്.

Show Full Article
TAGS:Kerala Assembly Election 2026 LDF UDF Balussery Constituency 
News Summary - LDF on the strength of development activities; UDF says development is stagnant
Next Story