തലയാട് മലയോര മേഖലയിൽ നെറ്റ് വർക്ക് പ്രശ്നം വ്യാപകം; പ്രദേശവാസികൾക്ക് ദുരിതം
text_fieldsബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ മലയോര പ്രദേശത്ത് നെറ്റ് വർക്ക് ലഭ്യമല്ലാത്തത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. മലയോര മേഖലയിൽപെട്ട തലയാട്, ചിടിക്കുഴി, കാവുംപുറം, വയലട, മങ്കയം, തെച്ചി, 26 മൈൽ എന്നീ പ്രദേശങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം മൊബെൽ നെറ്റ്വർക്കുകൾ പൂർണമായും താറുമാറായ അവസ്ഥയിലാണ്.
തലയാട് അങ്ങാടിയിൽ ഉണ്ടായിരുന്ന രണ്ട് മൊബെൽ ടവറുകൾ മാറ്റിസ്ഥാപിച്ചതോടെയാണ് നെറ്റ്വർക്ക് പൂർണമായും ലഭ്യമാകാത്ത അവസ്ഥയിലായത്. മുഖ്യമന്ത്രി, എം.എൽ.എ ഉൾപ്പെടെയുള്ള അധികാരികൾക്ക് പ്രദേശവാസികൾ നിരവധിതവണ പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
കാന്തലാട് വില്ലേജിന്റെ പരിധിയിൽപെട്ട തലയാട് പ്രദേശങ്ങളിൽ ഡിജിറ്റൽ സർവേ നടത്തി സർവേ നമ്പർ നൽകാനുള്ള നടപടി ആരംഭിച്ചെങ്കിലും നെറ്റ് വർക്ക് ലഭ്യമാകാത്തതിനാൽ സർവേ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വിനോദസഞ്ചാരികൾ വന്നെത്തുന്ന പ്രദേശംകൂടിയാണിവിടം. നെറ്റ് വർക്ക് പ്രശ്നം കാരണം വിദ്യാർഥികളുടെ പഠനവും ബാങ്കിങ് പ്രവർത്തനവും നടക്കുന്നില്ല. പുതിയ ടവറുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


