വേനലിൽ വറ്റിത്തുടങ്ങി പൂനൂർ പുഴ
text_fieldsതലയാട് ചുരത്തോട് ഭാഗത്ത് പൂനൂർപുഴ വറ്റിത്തുടങ്ങിയ
നിലയിൽ
ബാലുശ്ശേരി: വേനൽ കനത്തതോടെ പൂനൂർ പുഴ വറ്റിത്തുടങ്ങി. പൂനൂർ പുഴയുടെ ഉത്ഭവസ്ഥാനമായ ഏലക്കാനം, ചുരത്തോട് ഭാഗങ്ങളിൽ മഴ കുറഞ്ഞതിനാൽ പുഴയിൽ വലിയ തോതിൽ വെള്ളം കുറഞ്ഞിരുന്നു. വിനോദസഞ്ചാരികൾ വന്നുപോകുന്ന ഇടം കൂടിയായി ചുരത്തോട് ഏലക്കാനം ഭാഗങ്ങൾ മാറിയതോടെ ഇവിടെ നിരവധി റിസോർട്ടുകളാണ് പുതുതായി വന്നത്.
റിസോർട്ടുകളിലേക്ക് ആവശ്യമായ വെള്ളവും പുഴയിൽ നിന്നാണ് ശേഖരിക്കുന്നത്. തടയണകൾ കെട്ടി പുഴയെ സംരക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് വെറുംവാക്കായി മാറിയിരിക്കയാണ്. നിരവധി കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന പുഴയിലെ വെള്ളം കുറഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
പുഴയുടെ തീരത്ത് നിരവധി കുടിവെള്ള പദ്ധതികളുമുണ്ട്. പുഴ വറ്റിത്തുടങ്ങിയതോടെ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങളും ആശങ്കയിലാണ്. പുഴയിൽ തടയണകൾ നിർമിച്ചാൽ വരൾച്ച കാലത്തും ജലം ലഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.