അപകട ഭീഷണിയായി റോഡിലേക്ക് ഇടിഞ്ഞു വീണ പാറക്കല്ലുകൾ
text_fieldsബാലുശ്ശേരി: കക്കയം ഡാംസൈറ്റ് റോഡരിയിലേക്ക് ഇടിഞ്ഞുവീണ പാറക്കല്ലുകൾ നീക്കം ചെയ്യാത്തത് ഗതാഗത സ്തംഭനം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കക്കയം വ്യൂ പോയന്റിൽ നിന്നും കക്കയം വാലിക്കു സമീപത്തേക്ക് കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയായിരുന്നു.
റോഡിലേക്ക് ഒലിച്ചെത്തിയ കല്ലുകൾ നീക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയെടുത്തിട്ടില്ല. പാതയോരത്തെ പാറക്കല്ലുകൾ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനും തടസ്സം നേരിടുന്നുണ്ട്. കക്കയം ഹൈഡൽ ടൂറിസം, വനംവകുപ്പ് ഇക്കോ ടൂറിസം സെന്റർ എന്നിവിടങ്ങളിലേക്കായി നിരവധി വിനോദ സഞ്ചാരികളാണ് ദിനംപ്രതി വാഹനങ്ങളിലായി ഇവിടേക്ക് എത്തുന്നത്.
പാറക്കല്ലുകൾ നീക്കാത്തതിനാൽ ശക്തമായ മഴയത്ത് റോഡിലൂടെ വെള്ളം കുത്തിയൊഴുകാൻ കാരണമാകും. ഓവുചാൽ നിർമിക്കാത്തതിനാൽ മഴവെള്ളത്തിൽ റോഡരിക് ഇടിയുമെന്നും ആശങ്ക ഉയരുന്നുണ്ട്. അപകടഭീഷണി ഒഴിവാക്കാൻ റോഡരികിലെ പാറക്കൂട്ടം അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


