കെ.എസ്.ഇ.ബി തൂണുകൾ മാറ്റിസ്ഥാപിച്ചില്ല; മലയോര ഹൈവേ പ്രവൃത്തിയുടെ ടാറിങ് പണി സ്തംഭിക്കുന്നു
text_fieldsതലയാട് അങ്ങാടിയിൽ നടക്കുന്ന മലയോര ഹൈവേ റോഡ് നിർമാണ പ്രവൃത്തിക്ക് തടസ്സമായ വൈദ്യുതിത്തൂൺ
ബാലുശ്ശേരി: കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്തതിനാൽ മലയോര ഹൈവേ പ്രവൃത്തിയുടെ ടാറിങ് പണി സ്തംഭിക്കുന്നു. വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ കെ.എസ്.ഇ.ബി തയാറാകാത്തതാണ് സ്തംഭനത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. തടസ്സങ്ങൾ നീക്കാതെ ടാർ ചെയ്യാൻ കഴിയില്ലെന്നാണ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനും പറയുന്നത്.
മഴക്കു മുമ്പേ ടാറിങ് ജോലികൾ പൂർത്തിയായില്ലെങ്കിൽ വ്യാപാരികളും നാട്ടുകാരും പ്രദേശവാസികളും ഏറെ പ്രതിസന്ധിയിലാകും. ടാറിങ് പൂർത്തിയാക്കാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ, തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരികളും ഇതുമൂലം ഏറെ ദുരിതമനുഭവിക്കേണ്ടിവരുന്നുണ്ട്. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന നടപടി കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെങ്കിൽ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.