ഗൾഫിൽ നിന്ന് തിരികെ വീട്ടിലെത്തിയ മകൻ അമ്മയെ ആക്രമിച്ചു; ഗുരുതര പരിക്ക്
text_fieldsബാലുശ്ശേരി: മകന്റെ ആക്രമണത്തില്‍ അമ്മക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി(55)യെ മകന് രഭിൻ ആക്രമിച്ചതായാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗള്‍ഫില്‍നിന്ന് ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിയ രഭിന്‍ വീട്ടിലെത്തിയ ഉടന്‍ അടുക്കളയില്‍വെച്ച് രതിയെ കുക്കറിന്റെ മൂടിയെടുത്ത് ചെവിയുടെ ഭാഗത്ത് ശക്തിയായി അടിക്കുകയായിരുന്നെന്നും അക്രമത്തില്‍ ഭര്‍ത്താവ് ഭാസ്കരന്, മകന്റെ ഭാര്യ ഐശ്വര്യ എന്നിവര്‍ക്കും പങ്കുള്ളതായും ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നു.
വീട്ടില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമണം. വീടും സ്ഥലവും ഭര്‍ത്താവ് മകന്റെ പേരില്‍ എഴുതിക്കൊടുത്തതായും വീട്ടില്‍ ഇനി താമസിക്കാന്‍ അനുവദിക്കില്ലെന്നും ജീവന് ഭീഷണിയുള്ളതായും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രതിയെ മകളും ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി സി.ഐ ടി.പി. ദിനേശന് പറഞ്ഞു. ഇതിനിടെ രഭിന്‍ ഗള്‍ഫിലേക്ക് തിരിച്ചുപോകുന്നതിന് ശ്രമം നടത്തുന്നതായി രഭിന്റെ സഹോദരി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി രക്തം ഛർദിച്ചതിനെതുടർന്ന് രതിയെ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.