ബാലുശ്ശേരിയിൽ സംസ്ഥാനപാത കുരുതിക്കളമാകുന്നു
text_fields1. ബാലുശ്ശേരി ബ്ലോക്ക് റോഡിനടുത്ത് ടിപ്പറിടിച്ച് മരിച്ച നവാസിന്റെ സ്കൂട്ടർ തകർന്ന നിലയിൽ
2. അപകടമേഖലയായ ബാലുശ്ശേരി ബ്ലോക്ക് റോഡ് ജങ്ഷൻ
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാത കരുതിക്കളമാകുന്നു. സംസ്ഥാന പാതയിൽ ബാലുശ്ശേരി ബ്ലോക്ക് റോഡ് ജങ്ഷനിൽ രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ ജീവനാണ് കഴിഞ്ഞ ദിവസം രാത്രി റോഡിൽ പൊലിഞ്ഞത്. സ്കൂട്ടറിൽ സഞ്ചരിച്ച കാവുന്തറ എലങ്കമൽ നവാസാണ് (46) ബ്ലോക്ക് റോഡ് ജങ്ഷനിൽ വെച്ച് ടിപ്പർ ലോറിയിടിച്ച് മരിച്ചത്. അമിത വേഗതയിൽ വന്ന ടിപ്പർ ലോറി കൂരാച്ചുണ്ട് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറുന്ന വാഹനത്തെ കണ്ട് വെട്ടിച്ചതാണ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നു.
ടിപ്പറിന്റെ വലതുഭാഗത്ത് തല ഇടിച്ച് ഗുരുതര പരിക്കേറ്റ നവാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ് ഏഴിന് രാത്രി ഇതേ ജങ്ഷനിൽ വെച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ടുയുവാക്കൾ ലോറി കയറി മറിച്ചത്. റോഡിലെ കുഴിയിൽ വീണ ഇവർ ബൈക്കിൽ നിന്നും തെറിച്ച് വീണു എതിരെ വന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു റോഡിലെ കുഴി അടച്ചെങ്കിലും മഴ പെയ്തു കുഴിയിലെ കോൺക്രീറ്റും മെറ്റലുകളും ഇളകിപ്പോയ നിലയിലാണ്.
ഇളകിയ മെറ്റലിൽ കയറി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്. ജങ്ഷനിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മിനി മാസ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കത്താതായിട്ട് മാസങ്ങളായി. സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകൾ വല്ലപ്പോഴുമേ കത്താറുള്ളു. കഴിഞ്ഞ മാസം 31ന് കോക്കല്ലൂരിൽ ബൈക്ക് കണ്ടെയ്നർ ഗുഡ്സുമായിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ എലത്തൂർ സ്വദേശി രാജീവൻ (55) ചികിത്സക്കിടെ മരിച്ചിരുന്നു.
കരുമലയിൽ ഓട്ടോയിടിച്ച് പരിക്കേറ്റ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പൊയിൽക്കാവ് സ്വദേശി ബാലനും (72) മരണപ്പെട്ടു. ഒരു മാസത്തിനുള്ളിൽ അഞ്ചുപേരാണ് സംസ്ഥാന പാതയിൽ അപകടത്തിൽ മരിച്ചത്. കഴിഞ്ഞ വർഷവും അഞ്ചിലധികം പേർക്ക് കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ വാഹനാപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്.
അമിത വേഗത നിയന്ത്രിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്ന ബ്ലോക്ക് റോഡ് ജങ്ഷനിൽ ട്രാഫിക് സിഗ്നലും ട്രാഫിക് ബ്രേക്കറും സ്ഥാപിക്കണമെന്ന ആവശ്യവുമായി പൊതു പ്രവർത്തകൻ മനോജ് കുന്നോത്ത് റൂറൽ ജില്ല പൊലീസ് അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്നു ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ വൈകീട്ട് ബ്ലോക്ക് റോഡ് ജങ്ഷനിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു അറിയിച്ചിട്ടുണ്ട്.