ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; ഹോട്ടൽ അടപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബാലുശ്ശേരി: ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയ ഹോട്ടൽ പഞ്ചായത്ത് ഇടപെട്ട് അടപ്പിച്ചു. കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്നു അടപ്പിച്ചത്.
കഴിഞ്ഞ ദിവസം നിർമ്മല്ലൂർ പാറമുക്കിലെ ഷജിലയും കുടുംബവുമാണ് ഹോട്ടലിൽ നിന്നും കുട്ടികൾക്ക് ബിരിയാണി പാർസലായി വാങ്ങിയത്. ബിരിയാണി പ്ലെയിറ്റിലാക്കി കഴിച്ചു കൊണ്ടിരിക്കെയാണ് ചിക്കൻ കഷണങ്ങളിൽ നിറയെ ചെറിയ പുഴുക്കൾ കണ്ടത്. ഹോട്ടലിൽ വന്ന് കുടുംബം പരാതി പറഞ്ഞെങ്കിലും അവ അംഗീകരിക്കാൻ തയാറായില്ല. ഇതോടെ, കുടുംബത്തോടൊപ്പം എത്തിയ യുവാക്കൾ ഹോട്ടലിനകത്തെ ഫ്രീസർ പരിശോധിക്കുകയും കൂടുതൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയുമുണ്ടായി.
കുടുംബം പിന്നീട് ബാലുശ്ശേരി പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പധികൃതർക്കും ഭക്ഷ്യ സുരക്ഷ ഓഫിസർക്കും പരാതി നൽകുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഹെൽത്ത് ഇൻസ്പെക്ടർ പ്രഭിഷ, ഫുഡ് സേഫ്റ്റി ഓഫിസർ ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടൽ സീൽ ചെയ്ത് അടച്ചത്. ബിരിയാണി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഷജിലയെ പഞ്ചായത്തധികൃതർ സന്ദർശിച്ചു.