തട്ടുണരും മുമ്പേ അങ്കം മുറുകി വലിയങ്ങാടി
text_fieldsവലിയങ്ങാടിയിൽ തെരഞ്ഞെടുപ്പ് ചർച്ചയിൽ ഏർപ്പെട്ട ചുമട്ടു തൊഴിലാളികൾ
കോഴിക്കോട്: ‘‘മാസം 2000 രൂപ പെൻഷൻ കിട്ടിത്തുടങ്ങി, ഇത് തുടരണമെങ്കിൽ എൽ.ഡി.എഫ് തന്നെ വരണം’’ -സുരേഷ്‍ കുമാർ പറഞ്ഞുതീർന്നില്ല, വന്നു ഷമീർ ഹുസൈന്‍റെ കൗണ്ടർ- ‘‘എന്നിട്ട് തൊഴിലാളി വർഗ പാർട്ടി ഒമ്പതു കൊല്ലം തുടർച്ചയായി ഭരിച്ചിട്ട് തൊഴിലാളികൾക്ക് എന്തു കിട്ടിയെന്നുകൂടി പറയ്.’’ വലിയങ്ങാടിയിൽ ചുമട്ടുതൊഴിലാളികളുടെ തെരഞ്ഞെടുപ്പ് ചർച്ച കത്തിക്കയറുകയാണ്.
അങ്കത്തട്ടിൽ പ്രചാരണത്തിന് ചൂട് പിടിച്ചിട്ടില്ലെങ്കിലും വലിയ ചർച്ചകളിലും വാദപ്രതിവാദങ്ങളിലുമാണ് ഇവർ. ക്ഷേമവും വികസനവും ഇഴകീറി പരിശോധിക്കുന്ന ചർച്ചകളിൽ അങ്കം മുറുകും. പിന്നെ ചായ കുടിച്ച് കെട്ടിപ്പിടിച്ച് പിരിയും. ‘മക്കൾ സഹായിച്ചില്ലെങ്കിലും കഞ്ഞിയും ചമ്മന്തിയും പപ്പടവും കഴിച്ച് ജീവിക്കാനുള്ള വരുമാനം സർക്കാർ കൊടുക്കുന്നുണ്ട്. വൈകിയാലും കിട്ടുമല്ലോ. ആ പ്രതീക്ഷ എൽ.ഡി.എഫിന് സ്വാധീനം വർധിപ്പിക്കും’ എന്നും വാദിക്കുന്നുണ്ട് സി.ഐ.ടി.യു പ്രവർത്തകനായ സുരേഷ്. ‘‘ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് കേരളത്തിൽ പെൻഷൻ നടപ്പാക്കിയത്.
ആ ക്രെഡിറ്റൊന്നും അവകാശപ്പെട്ട് എൽ.ഡി.എഫ് വരേണ്ട’’ -ഐ.എൻ.ടി.യു.സി പ്രവർത്തകനായ ഷമീറിന്‍റെ മറുപടി. ക്ഷേമ ബോർഡിൽനിന്ന് 30,000 രൂപയാണ് തൊഴിലാളിക്ക് ചികിത്സ സഹായം ലഭിക്കുന്നത്. ഒരപകടമോ അത്യാഹിതമോ പറ്റുന്ന തൊഴിലാളിക്ക് ഇതെന്തിന് തികയുമെന്ന് ഷമീർ ചോദിക്കുമ്പോൾ സ്വതന്ത്ര തൊഴിലാളി യൂനിയൻ ഭാരവാഹിയായ വി.പി. ഹാരിസും അതു ശരിവെക്കുന്നു.
മാറ്റം വരട്ടെ
കോർപറേഷൻ പതിറ്റാണ്ടുകളോളമായി തൊഴിലാളിവർഗ പ്രസ്ഥാനം ഭരിച്ചിട്ടും വലിയങ്ങായിൽ ശുചിമുറി സൗകര്യം ഒരുക്കിയിട്ടില്ല. പള്ളികളെയാണ് പ്രാഥമികാവശ്യങ്ങൾക്ക് ആശ്രയിക്കുന്നത്. രണ്ട് ശുചിമുറികൾ നിർമാണം പൂർത്തിയാക്കിയിട്ട് ഇതുവരെ തുറന്നുനൽകിയിട്ടില്ല. കോർപറേഷനിൽ ഭരണം ഒന്ന് മാറിവരട്ടെ. യു.ഡി.എഫ് എന്തുചെയ്യുമെന്ന് നമുക്ക് നോക്കാലോ, ഷമീർ തുടരുന്നു. ഭരണമാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഹാരിസിന്റെ പക്ഷം. ഭരണമാറ്റം തടയാനാണ് വാർഡുകൾ തങ്ങൾക്കനുകൂലമായി പുനർനിർണയിച്ചതെന്നും ഷമീർ വാദം തുടരുമ്പോൾ വലിയങ്ങായിലെ ഓട വൃത്തിയാക്കുന്നതിലടക്കം യു.ഡി.എഫുകാരനായ കൗൺസിലർ ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും ഇതിന് അനുവദിക്കുന്ന ഫണ്ട് എവിടെ പോയെന്നും ചോദിക്കുന്നു സുരേഷ്.
ഒമ്പതു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിനിടെ അരിയടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ വില ഇരട്ടിയിലധികം വർധിച്ചു. പക്ഷേ, തൊഴിലാളികൾക്ക് 50 കിലോ ചാക്കിന് 60 പൈസ മാത്രമാണ് കൂലി വർധിച്ചത്. തൊഴിലാളി വർഗ പാർട്ടിക്ക് തുടർച്ചയായി ഭരണം കിട്ടിയതോടെ മുതലാളിത്ത ശക്തികളായി മാറിയെന്നും ഇവർ ആരോപിക്കുന്നു. കോർപറേഷൻ സാധാരണക്കാരന് വീട് പെർമിറ്റ് ഫീസ് വരെ കുത്തനെ കൂട്ടിയെന്ന് യു.ഡി.എഫ് അനുകൂലികൾ ആരോപിക്കുമ്പോൾ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തേണ്ടേയെന്നാണ് എൽ.ഡി.എഫ് പക്ഷത്തിന്റെ മറുചോദ്യം.


