ബഷീറിന്റെ ‘ആകാശമിഠായി’ക്ക് വീണ്ടും തുക അനുവദിച്ചു
text_fieldsബേപ്പൂർ ബി.സി റോഡിൽ നിർമാണം പൂർത്തിയാകുന്ന
ബഷീർ സ്മാരകം ‘ആകാശമിഠായി’
ബേപ്പൂർ: വിശ്വവിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ സ്മാരക കേന്ദ്രം ‘ആകാശമിഠായി’യുടെ ഒന്നാംഘട്ടം നിർമാണം പൂർത്തിയാക്കുന്നതിന് 2,70,62,802 രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതുപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതിയായി.
നേരത്തേ 7,37,10,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. സ്മാരകത്തിലെ ആംഫി തിയറ്റർ, സ്റ്റേജ്, ഗ്രീൻ റൂം, മഴവെള്ള സംഭരണി തുടങ്ങിയവയുടെ നിർമാണത്തിനും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് പ്രവൃത്തികൾക്കുമായാണ് തുക അനുവദിച്ചത്. ടൂറിസം വകുപ്പിന് കീഴിൽ ബേപ്പൂർ ബി.സി റോഡരികിൽ ഉയരുന്ന സ്മാരക മന്ദിരത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ആർക്കിടെക്ട് വിനോദ് സിറിയക് രൂപകൽപന ചെയ്ത സ്മാരകത്തിന്റെ നിർമാണച്ചുമതല യു.എൽ.സി.സി.എസിനാണ്. സ്റ്റേജ്, കരകൗശല വസ്തുക്കൾക്കായുള്ള സ്റ്റാളുകൾ, അക്ഷരത്തോട്ടം, എഴുത്തുപുര, വാക്ക് വേ, കുട്ടികളുടെ കളിസ്ഥലം, കമ്യൂണിറ്റി ഹാൾ, ഭക്ഷ്യ വിപണന കേന്ദ്രം തുടങ്ങിയ സൗകര്യവും ആകാശ മിഠായിയിലുണ്ടാകും. സമ്പൂർണമായും ഭിന്നശേഷി-പ്രകൃതി സൗഹൃദമായാണ് നിർമാണം. ബി.സി റോഡിലെ കക്കാടത്ത് സ്ഥിതി ചെയ്തിരുന്ന കോർപറേഷന്റെ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റിയാണ് സ്മാരകം നിർമിക്കുന്നത്.