അനധികൃത മത്സ്യബന്ധനം നടത്തിയ വഞ്ചികള്‍ പിടികൂടി
text_fieldsപുറംകടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടിയ വഞ്ചികള്‍
ബേപ്പൂർ: പുറംകടലിൽ അനധികൃത മത്സ്യബന്ധനം നടത്തി മത്സ്യവുമായി ഹാർബറിൽ തിരിച്ചെത്തിയ ഫൈബര്‍ വഞ്ചികള്‍ പിടികൂടി. കന്യാകുമാരി കുളച്ചല്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സെന്റ് മേരി മത്തലീന,ഷൈജു എന്നീ വഞ്ചികളാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. നിറയെ മത്സ്യവുമായി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിയപ്പോഴാണ് വഞ്ചികൾ പിടികൂടിയത്.
ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും പുറംകടലില്‍ മീൻപിടിത്തം നടത്താന്‍ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് കുളച്ചൽ സ്വദേശികളുടെ വഞ്ചികൾ മത്സ്യബന്ധനം നടത്തിയത്.
കിളിമീന്‍ ഉൾപ്പെടെയുള്ള ചെറു മത്സ്യങ്ങൾ ഫിഷറീസ് വകുപ്പ് കണ്ടുകെട്ടി ലേലത്തില്‍ വിറ്റു. ട്രോളിങ് നിരോധന സമയത്ത് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടി തുടരുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനീര്‍ അറിയിച്ചു.